വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമിലും മാറ്റങ്ങളൊന്നുമില്ല.
ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യയ്‌ക്ക് പരമ്പര കൈവിടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ എഴ് വിക്കറ്റിന് ജയിച്ച പ്രോട്ടീസ്, കട്ടക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനും ജയം പിടിച്ചു. മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയ്‌ക്ക് ബൗളര്‍മാരുടെ മോശം പ്രകടനത്തോടൊപ്പം റിഷഭ് പന്തിന്‍റെ ക്യാപ്‌റ്റന്‍സിയിലെ പിഴവുകളും തിരിച്ചടിയാണ്.
ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ടീമിലെ ബോളിങ്ങിൽ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പഴയ ടീം തന്നെ നിലനിർത്തി. അക്ഷര്‍ പട്ടേലിന് പകരം രവി ബിഷ്‌ണോയി ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നുമില്ല. പേസര്‍ ഉമ്രാന്‍ മാലിക്ക് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം.