പാൾ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 288 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 287 റണ്‍സ് നേടുകയായിരുന്നു. റിഷഭ് പന്തിന്‍റെയും (85), കെഎൽ രാഹുലിന്‍റെയും (55) അർധസെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 10 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്‌ടം കൂടാതെ 66 റണ്‍സ് നേടിയിട്ടുണ്ട്. 46 റണ്‍സുമായി ക്വിന്‍റണ്‍ ഡി കോക്കും, 19 റണ്‍സുമായി ജന്നിമാൻ മലാനുമാണ് ക്രീസിൽ
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയത്. ശ്രദ്ധയോടെയാണ് ഓപ്പണർമാരായ ധവാനും, രാഹുലും ബാറ്റ് വീശിയത്. എന്നാൽ ടീം സ്കോർ 60ൽ നിൽക്കെ ധവാനെ (29) ഇന്ത്യക്ക് നഷ്‌ടമായി. തൊട്ടു പിന്നാലെ എത്തിയ കോലി ഏവരെയും ഞെട്ടിച്ചുകൊണ്ട് കേശവ് മഹാരാജിന്‍റെ പന്തിൽ ഡക്ക് ആയി മടങ്ങി.
കോലിക്ക് പകരം ക്രീസിലെത്തിയ റിഷഭ് പന്ത് മുതൽ ആക്രമിച്ച് ബാറ്റ് വീശി. ഇരുവരും ചേർന്ന് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റി. പന്ത് ഒരു വശത്ത് തകർത്തടിച്ചപ്പോൾ രാഹുൽ സിംഗിളുകളുമായി മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി.
ALSO READ:അവനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല; ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്‌റ്റനെ തെരഞ്ഞെടുത്ത് പീറ്റേഴ്‌സണ്‍
ഇതിനിടെ രാഹുലും പന്തും അർധസെഞ്ച്വറിയും പൂർത്തിയാക്കി. എന്നാൽ ടീം സ്കോർ 179ൽ വെച്ച് രാഹുൽ (55) പുറത്തായി. തൊട്ടടുത്ത ഓവറിൽ തന്നെ പന്തും (85) ക്യാച്ച് നൽകി മടങ്ങി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ (11), വെങ്കിടേഷ് അയ്യർ (22) എന്നിവർ കാര്യമായ സംഭാവന നൽകാതെ കൂടാരം കയറി.
തുടർന്ന് ക്രീസിലെത്തിയ ഷാർദുൽ താക്കൂർ കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ അവസാന ഓവറുകളിൽ തകർത്തടിച്ചു. 38 പന്തിൽ നിന്ന് 40 റണ്‍സുമായി ഷാർദുലും 25 റണ്‍സുമായി അശ്വിനും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി തബ്‌റൈസ് ഷംസി രണ്ടുവിക്കറ്റെടുത്തപ്പോള്‍ സിസാന്‍ഡ മഗാല, എയ്‌ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, ആന്‍ഡിലെ ഫെലുക്വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.