ഇന്‍ഡോര്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 18.3 ഓവറിൽ ഓവറിൽ 178 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. 21 പന്തിൽ 46 റണ്‍സ് നേടിയ ദിനേഷ് കാർത്തിക്കിനും 17 പന്തിൽ 31 റണ്‍സ് നേടിയ ദീപക് ചഹാറിനും മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപനേരമെങ്കിലും പിടിച്ചുനിൽക്കാനായത്.
ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് രണ്ടാം പന്തിൽ തന്നെ നായകൻ രോഹിത് ശർമയെ നഷ്‌ടമായി. കാഗിസോ റബാഡയുടെ പന്തിൽ ഡക്കായാണ് താരം പുറത്തായത്. തൊട്ടുപിന്നാലെ രണ്ടാം ഓവറിൽ ശ്രേയസ് അയ്യരെയും(1) ഇന്ത്യക്ക് നഷ്‌ടമായി. ഇതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ട് തുടങ്ങിയിരുന്നു.
പിന്നാലെയിറങ്ങിയ റിഷഭ് പന്തും ദിനേഷ് കാർത്തിക്കും അൽപ സമയം പിടിച്ചുനിന്നുവെങ്കിലും ടീം സ്കോർ 45ൽ നിൽക്കെ പന്തിനെ(27) ഇന്ത്യക്ക് നഷ്‌ടമായി. എന്നാൽ ഒരുവശത്ത് ദിനേഷ് കാർത്തിക് തകർപ്പൻ അടിയുമായി കളം നിറഞ്ഞു. എന്നാൽ ആറാം ഓവറിന്‍റെ അവസാന പന്തിൽ കാർത്തിക്കും(21 പന്തിൽ 46) പുറത്തായി.
തുടർന്ന് സൂര്യകുമാർ യാദവ്(8) ഹർഷൽ പട്ടേൽ(17) അക്‌സർ പട്ടേൽ(9) രവിചന്ദ്രൻ അശ്വിൻ(2) എന്നിവർ വളരെ പെട്ടെന്ന് തന്നെ കൂടാരം കയറി. എന്നാൽ ഒൻപതാമനായി ക്രീസിലെത്തിയ ദീപക് ചഹാർ(31) അതിവേഗ ഇന്നിങ്സിലൂടെ ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചു. എന്നാൽ ടീം സ്കോർ 169ൽ നിൽക്കെ ചഹാറിനെയും ഇന്ത്യക്ക് നഷ്‌ടമായി.
പിന്നാലെ 18-ാം ഓവറിന്‍റെ മൂന്നാം പന്തിൽ മുഹമ്മദ് സിറാജ്(5) കൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. ഉമേഷ് യാദവ് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ഡ്വെയ്ൻ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കേശവ് മഹാരാജ്, വെയ്ൻ പാർനെൽ, ലുങ്കി എൻഗിഡി എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാഗിസോ റബാഡ ഒരു വിക്കറ്റും നേടി.