കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ 149 റൺസിന്‍റെ വിജയലക്ഷ്യം 10 പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. 46 പന്തുകളില്‍ നിന്ന് 81 റണ്‍സുമായി തകര്‍ത്തടിച്ച ഹെൻറിക് ക്ലാസനും 15 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ മില്ലറുമാണ് സന്ദർശകരെ വിജയത്തിലെത്തിച്ചത്.
തുടക്കത്തിൽ കൊടുങ്കാറ്റായി ഭുവി; 149 റണ്‍സ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കിയത് ഭുവനേശ്വര്‍ കുമാറിന്‍റെ പന്തുകളായിരുന്നു. ആദ്യ ആറോവറിനുള്ളില്‍ തന്നെ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പറഞ്ഞയച്ച് ഭുവി കൊടുങ്കാറ്റായി. ആദ്യ ഓവറിലെ അവസാന പന്തില്‍ നാല് റൺസെടുത്ത ഹെന്‍ഡ്രിക്‌സിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഭുവി തന്‍റെ രണ്ടാം ഓവറില്‍ പ്രിട്ടോറിയസിനെയും മടക്കി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ വാന്‍ഡര്‍ ഡസനെ കൂടി ക്ലീന്‍ ബൗള്‍ഡാക്കിയ ഭുവിക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക പതറി.
തിരിച്ചടിയുമായി ക്ലാസൻ;പിന്നീട് ക്രീസിലൊന്നിച്ച ഹെൻറിക് ക്ലാസനും നായകന്‍ തെംബ ബവൂമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 50 കടത്തി. ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ക്ലാസനായിരുന്നു കൂടുതല്‍ അപകടകാരി. 30 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ബവൂമയെ ക്ലീന്‍ ബൗള്‍ഡാക്കി ചഹല്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷ സമ്മാനിച്ചു. ബവുമയ്ക്ക് പകരം അപകടകാരിയായ ഡേവിഡ് മില്ലര്‍ ക്രീസിലെത്തി. ബവുമ പുറത്തായിട്ടും ക്ലാസന്‍ അനായാസം ബാറ്റുവീശി. മില്ലറും തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലേക്ക് കുതിച്ചു.
വിജയത്തിനരികെ 46 പന്തില്‍ 81 റൺസ് നേടിയ ക്ലാസനെ ഹര്‍ഷല്‍ പട്ടേല്‍ മടക്കി. വെയ്‌ന്‍ പാര്‍ണലിനെ ഭുവിയും വീഴ്‌ത്തിയെങ്കിലും മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. ചഹലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീഴ്‌ത്തി. ചഹല്‍ നാലോവറില്‍ 49 റണ്‍സാണ് വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സെടുത്തു. 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യയെ ചെറിയ സ്‌കോറിനുള്ളില്‍ ഒതുക്കിയത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0 ന് മുന്നിലെത്തി. ആദ്യ മത്സരത്തിലും പ്രോട്ടീസാണ് വിജയം നേടിയത്. ഇന്ത്യയ്‌ക്ക് ഇനി പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടണം.