ന്യൂഡല്‍ഹി: പ്രോട്ടീസിനെതിരായ ഏകദിന പരമ്പരയില്‍ ചരിത്ര വിജയമാണ് ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ നേടിയത്. ടി20 ലോകകപ്പിനായി രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുന്‍ നിര താരങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പറന്നതോടെ രണ്ടാം നിര ടീമുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെ കളിക്കാനിറങ്ങിയത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.
തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും മിന്നും ജയം നേടിയാണ് ഇന്ത്യയുടെ യുവ സംഘം പരമ്പര പിടിച്ചത്. 12 വര്‍ഷത്തിനുശേഷമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ പ്രോട്ടീസിനെതിരെ ഏകദിന പരമ്പര നേടുന്നത്. ഈ നേട്ടം വമ്പന്‍ ആഘോഷമാക്കിയിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍.
ഇതിന്‍റെ ഭാഗമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ നേതൃത്വം നല്‍കിയ ഡാന്‍സും ഇന്ത്യയുടെ ഡ്രസ്സിങ് റൂമില്‍ അരങ്ങേറി. ദലേർ മെഹന്ദിയുടെ പ്രശസ്‌തമായ "ബോലോ ത ര..ര..രാ.." എന്ന ഗാനത്തിനാണ് ഇന്ത്യന്‍ താരങ്ങള്‍ ചുവടുവച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ധവാന്‍ തന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്. മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങളും വീഡിയോയിലുണ്ട്.