മുംബൈ: വമ്പന്‍ റെക്കോഡുകള്‍ ഏറെ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്താണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞത്. ഇക്കൂട്ടത്തില്‍ ഒന്നായിരുന്നു ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം. സച്ചിന്‍റെ ഈ നേട്ടത്തിന് ഇന്ന് 13 വയസ് തികഞ്ഞിരിക്കുകയാണ്.
2010 ഫെബ്രുവരി 24ന് ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്‍റെ ഐതിഹാസിക ഇന്നിങ്‌സ്. 147 പന്തിൽ 25 ഫോറുകളും മൂന്നു സിക്‌സറുകളും സഹിതം 200 റണ്‍സെടുത്ത സച്ചിന്‍ അന്ന് പുറത്താവാതെ നിന്നിരുന്നു.
136.05 സ്‌ട്രൈക്ക് റേറ്റിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രകടനം. 90 പന്തുകളിലാണ് സച്ചിന്‍ ആദ്യ നൂറ് റണ്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് ആക്രമണത്തിലേക്ക് ചുവടുമാറ്റിയ താരത്തിന് ഇരട്ട സെഞ്ച്വറിയിലേക്ക് വെറും 57 പന്തുകള്‍ മാത്രമാണ് ആവശ്യമായത്.
സച്ചിന്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് ശേഷം ഈ ഗ്രഹത്തിലെ ആദ്യ പുരുഷ താരം 200-ൽ എത്തിയെന്നും, അത് ഇന്ത്യയുടെ സൂപ്പര്‍ മാനാണെന്നുമായിരുന്നു കമന്‍ററി ബോക്‌സിലുണ്ടായിരുന്ന രവി ശാസ്‌ത്രി വിളിച്ച് പറഞ്ഞത്. സച്ചിന്‍റെ ഈ മാന്ത്രികതയ്ക്ക് 30,000 ആരാധകരാണ് സാക്ഷ്യം വഹിച്ചത്.
മത്സരത്തില്‍ 153 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. സച്ചിന് പുറമെ അര്‍ധ സെഞ്ച്വറിയുമായി ദിനേശ് കാര്‍ത്തികും എംഎസ് ധോണിയും തിളങ്ങിയതോടെ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 401 റണ്‍സാണ് ഇന്ത്യ അടിച്ച് കൂട്ടിയത്. മറുപടിക്കിറങ്ങിയ പ്രോട്ടീസ് 40.5 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. സെഞ്ച്വറി നേടി പുറത്താവാതെ നിന്ന എബി ഡിവില്ലിയേഴ്‌സ് മാത്രമായിരുന്നു സംഘത്തിനായി പൊരുതിയത്.
സച്ചിന് ശേഷം ഇന്ത്യന്‍ നിരയില്‍ നിന്നും രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരും ഈ മാന്ത്രിക സംഖ്യ കടന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ രോഹിത് ശര്‍മ മൂന്ന് തവണയാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ 264 റൺസ് അടിച്ച് കൂട്ടിയതോടെ ഏകദിനത്തിലെ ഏറ്റവും വലിയ സ്‌കോറിനുടമയായും രോഹിത് മാറി.
അതേസമയം ഓസീസിന്‍റെ വനിത താരം ബെലിന്ദ ക്ലാർക്കാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റര്‍. 1997-ൽ ലോകകപ്പില്‍ ഡെന്മാർക്കിനെതിരായ മത്സരത്തില്‍ 115 പന്തില്‍ 229 റണ്‍സായിരുന്നു ബെലിന്ദ ക്ലാർക്ക് അടിച്ച് കൂട്ടിയിരുന്നത്.
ALSO READ:പങ്കാളി ഗർഭിണിയാണെന്ന വിശേഷം പങ്കുവച്ചിതിന് ഹോമോഫോബിക് കമന്‍റുകളും ട്രോളും; പ്രതികരിച്ച് സാറ ടെയ്‌ലര്‍