ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യിലും വിജയം നേടിയതോടെ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. അടിയും തിരിച്ചടിയും കണ്ട ഗുവാഹത്തിയിലെ സൂപ്പര്‍ ത്രില്ലറില്‍ 16 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. 238 റണ്‍സിന്‍റെ വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന് 221 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 96 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു ഇരുവരും ഉയര്‍ത്തിയത്. ഇതോടെ അന്താരാഷ്‌ട്ര ടി20യില്‍ ഒരു റെക്കോഡും ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി.
ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50ല്‍ അധികം റണ്‍സ് കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്. ഇത് 15-ാം തവണയായിരുന്നു രാഹുലും രോഹിത്തും ടി20യില്‍ 50ല്‍ അധികം റണ്‍സ് ഒരുമിച്ച് ടീം ടോട്ടലിലേക്ക് ചേര്‍ക്കുന്നത്. ഇതോടെ പാക് ഓപ്പണര്‍മാരായ ബാബർ അസം-മുഹമ്മദ് റിസ്‌വാന്‍ സഖ്യത്തിന്‍റെ റെക്കോഡാണ് പൊളിഞ്ഞത്.
14 തവണയാണ് ഇരുവരും ചേര്‍ന്ന് 50ല്‍ അധികം റണ്‍സ് നേടിയിട്ടുള്ളത്. അയർലൻഡ് ജോഡിയായ പോൾ സ്റ്റെർലിങ്- കെവിൻ ഒബ്രിയാൻ സഖ്യമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 13 തവണയാണ് പ്രസ്‌തുത നേട്ടം ഇരുവരും കൈവരിച്ചത്.