ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 22 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാറായിരുന്നു ഇന്ത്യയുടെ ടോസ് സ്‌കോറര്‍. 28 പന്തില്‍ 57 റണ്‍സാണ് കെഎല്‍ രാഹുല്‍ അടിച്ച് കൂട്ടിയത്.
എന്നാല്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കെഎല്‍ രാഹുലാണ്. ഇക്കാര്യത്തിലെ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ. തന്നേക്കാള്‍ കൂടുതൽ സ്വാധീനം ചെലുത്തിയ ഇന്നിങ്‌സ് കളിച്ചത് സൂര്യകുമാർ യാദവാണെന്ന് രാഹുല്‍ തുറന്ന് പറയുകയും ചെയ്‌തു.
മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ അവതാരകനായ ഹര്‍ഷ ഭോഗ്‌ലെയോടാണ് താരം ഇക്കാര്യം പറഞ്ഞത്. "സത്യസന്ധമായി, ഈ പുരസ്‌കാരം എനിക്ക് ലഭിച്ചതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. സൂര്യ, അവൻ ബാറ്റ് ചെയ്‌ത രീതി, മത്സരത്തില്‍ വലിയ സ്വാധീനം ചെലുത്തി, അവൻ കളി മാറ്റിമറിച്ചു", രാഹുല്‍ പറഞ്ഞു.