ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ പുറത്ത്. പരിശീലനത്തിനിടെയേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. രാഹുലിന് പുറമെ ചൈനമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവും പുറത്തായതായി ബിസിസിഐ അറിയിച്ചു.
ഇതോടെ പരമ്പരയില്‍ ഉപനായകനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ടീം ഇന്ത്യയെ നയിക്കുക. ഹര്‍ദിക് പാണ്ഡ്യക്കാണ് ഉപനായകന്‍റെ ചുമതല. 'കെഎൽ രാഹുല്‍ മുഴുവൻ പരമ്പരയിൽ നിന്നും പുറത്താണ്, പകരം ഉപനായകന്‍ റിഷഭ് പന്ത് ടീമിനെ നയിക്കും', മുതിർന്ന ബിസിസിഐ വൃത്തങ്ങൾ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം പ്രോട്ടീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ(മെയ് 9) ഡല്‍ഹിയില്‍ നടക്കും. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി എഴിനാണ് മത്സരം ആരംഭിക്കുക. രാഹുല്‍ പുറത്തായതോടെ ഇഷാൻ കിഷനൊപ്പം റിതുരാജ് ഗെയ്‌ക്വാദ് ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് വിവരം.
also read: IND vs SA: ഒരു വിജയമകലെ ഇന്ത്യയ്‌ക്ക് വമ്പന്‍ റെക്കോഡ്; പ്രോട്ടീസിനെതിരായ ടി20 പരമ്പര നാളെ ആരംഭിക്കും
സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ചതോടെയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ കെഎല്‍ രാഹുലിന് അവസരം ലഭിച്ചിരുന്നത്. കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് യഥാക്രമം പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക.