ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ വെറും 99 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയുടെ കുഞ്ഞൻ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 42 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഇതിൽ 34 റണ്‍സും ഗില്ലിന്‍റെ വകയായിരുന്നു. ഇതിനിടെ ആറാം ഓവറിൽ ധവാൻ (8) റണ്‍ഔട്ടായി. പിന്നാലെ എത്തിയ ഇഷാൻ കിഷനും (10) അധികനേരം പിടിച്ചുനിൽക്കാനാകാതെ മടങ്ങി.
എന്നാൽ ഒരു വശത്ത് തകർത്തടിക്കുകയായിരുന്ന ശുഭ്‌മാൻ ഗിൽ(49) ഇന്ത്യയെ വിജയത്തിന് അരികിലേക്ക് എത്തിച്ചു. എന്നാൽ ടീം സ്കോർ 97ൽ നിൽക്കെ ഗിൽ പുറത്തായി. പിന്നാലെ ശ്രേയസ് അയ്യർ തകർപ്പനൊരു സിക്‌സിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ശ്രേയസ് അയ്യർ(28), സഞ്ജു സാംസണ്‍ (2) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എൻഗിഡി, ഇമാദ് ഫോർച്യൂയിൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ വരിഞ്ഞ് മുറുക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബോളർമാർ കാഴ്‌ചവച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പ്രോട്ടീസിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 27.1 ഓവറില്‍ 99 റണ്‍സില്‍ എറിഞ്ഞൊതുക്കി. 4.1 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് സ്വന്തമാക്കിയ കുൽദീപ് യാദവാണ് വിക്കറ്റ് വേട്ടയ്‌ക്ക് നേതൃത്വം നൽകിയത്.
വാഷിങ്‌ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. 42 പന്തില്‍ 32 റണ്‍സെടുത്ത ഹെൻറിച്ച് ക്ലാസനാണ് പ്രോട്ടീസിന്‍റെ ടോപ് സ്‌കോറര്‍. ജാനെമാൻ മലന്‍ (15), മാർക്കോ ജാൻസെൻ (14) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഒന്നാം നിര ടീം ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോയതിനാല്‍ രണ്ടാം നിര ടീമുമായാണ് ഇന്ത്യ പ്രോട്ടിസിനെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്. നേരത്തെ ടി20 പരമ്പരയും ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.