ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 100 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പ്രോട്ടീസിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 27.1 ഓവറില്‍ 99 റണ്‍സില്‍ എറിഞ്ഞൊതുക്കി. 42 പന്തില്‍ 32 റണ്‍സെടുത്ത ഹെൻറിച്ച് ക്ലാസനാണ് പ്രോട്ടീസിന്‍റെ ടോപ് സ്‌കോറര്‍.
ജാനെമാൻ മലന്‍ (15), മാർക്കോ ജാൻസെൻ (14) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ തന്നെ സംഘത്തിന് ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിനെ നഷ്‌ടമായി. 10 പന്തില്‍ ആറ് റണ്‍സെടുത്ത ഡി കോക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ ആവേശ് ഖാന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.
ആദ്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് പ്രോട്ടീസ് തകര്‍ന്നു. ഡി കോക്കിന് പിന്നാലെ സഹ ഓപ്പണര്‍ ജാനെമാൻ മലനും പുറത്തായി. 15 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ആവേശ് ഖാന്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ റീസ ഹെൻഡ്രിക്‌സ് (21 പന്തില്‍ 3), എയ്ഡൻ മർക്രം (19 പന്തില്‍ 9) എന്നിവര്‍ക്കും പിടിച്ച് നില്‍ക്കാനായില്ല.
തുടര്‍ന്നെത്തിയ ഹെൻറിച്ച് ക്ലാസൻ പിടിച്ച് നില്‍ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഡേവിഡ് മില്ലർ (7), ആൻഡിലെ ഫെഹ്‌ലുക്വായോ (5) എന്നിവര്‍ക്ക് പിന്നാലെ ക്ലാസനും വീണു. ഷഹ്‌ബാസ് അഹമ്മദിന്‍റെ പന്തില്‍ കുറ്റി തെറിച്ചാണ് താരത്തിന്‍റെ മടക്കം. മാർക്കോ ജാൻസെൻ (14), ജോൺ ഫോർച്യൂയിൻ (1), ആൻറിച്ച് നോർട്ട്ജെ (0) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.
ലുങ്കി എൻഗിഡി (0) പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി കുല്‍ദീപ് യാദവ് 4.1 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് സ്വന്തമാക്കി. വാഷിങ്‌ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.