ഗുവാഹത്തി: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്(ഒക്‌ടോബര്‍ 2) നടക്കും. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴുമണിക്കാണ് കളി തുടങ്ങുന്നത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്.
പകല്‍ 41 ശതമാനവും രാത്രി 80 ശതമാനവും മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് വെതര്‍ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിനായുള്ള മുഴുവന്‍ ടിക്കറ്റുകളും നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു. ഇതോടെ മഴ പെയ്യുകയാണെങ്കിലും സാധ്യമായാല്‍ ഓവര്‍ ചുരുക്കി മത്സരം നടത്തിയേക്കും.
തിരുവനന്തപൂരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ ആധികാരിക വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഗുവാഹത്തിയില്‍ ഇറങ്ങുന്നത്. ഏറെ പഴി കേട്ടിരുന്ന ബോളിങ് യുണിറ്റിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്. അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍ എന്നിവരുടെ ആദ്യ സ്പെല്ലില്‍ തന്നെ പ്രോട്ടീസിന്‍റെ മുന്‍നിര തകര്‍ന്നിരുന്നു.
പേസ് യൂണിറ്റില്‍ ഹര്‍ഷല്‍ പട്ടേലും മികവിലേക്ക് ഉയര്‍ന്നു. സ്‌പിന്നര്‍മാരായ ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരും മിന്നുന്ന പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങിയ അശ്വിന്‍റെ പ്രകടനം ശ്രദ്ധേയമാണ്. ഇതോടെ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വന്നേക്കാം.
ബാറ്റിങ് യൂണിറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. കാര്യവട്ടത്ത് കാര്യമായി ഒന്നും ചെയ്യാതെയാണ് ഇരുവരും തിരിച്ച് കയറിയത്. കെഎല്‍ രാഹുലിന്‍റെ ബാറ്റിങ് ശൈലി ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്.
ആദ്യ ടി20യിലെ പവര്‍പ്ലേയില്‍ വെറും 17 റണ്‍സ് മാത്രമാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിഞ്ഞിരുന്നത്. ഇതില്‍ ഭൂരിഭാഗം പന്തും നേരിട്ടത് രാഹുലാണ്. സൂര്യകുമാറിന്‍റെ മിന്നുന്ന പ്രകടം ഇന്ത്യയ്‌ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.