തിരുവനന്തപുരം :ടി20 ലോകകപ്പിന്‍റെ അവസാന ഒരുക്കത്തിന്‍റെ ഭാഗവുമാണ് ആസന്നമായ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം. മൂന്ന് മത്സര ടി20 പരമ്പര നാളെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്. ഓസീസിനെതിരായ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കിയാണ് ഇന്ത്യയെത്തുന്നത്.
ഡെത്ത് ഓവറുകളില്‍ ആശങ്ക :ഡെത്ത് ഓവറുകളില്‍ ബോളര്‍മാരുടെ പ്രകടനം മോശമാണെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചിരുന്നു. ഓസീസിനെതിരായ പരമ്പരയ്‌ക്ക് ശേഷമായിരുന്നു രോഹിത്തിന്‍റെ തുറന്ന് പറച്ചില്‍. ലോകകപ്പിന് മുന്നോടിയായി ഈ പ്രശ്നം ഇന്ത്യയ്‌ക്ക് പരിഹരിക്കേണ്ടതുണ്ട്.
യുവ പേസര്‍ അര്‍ഷ്‌ദീപ് സിങ് തിരിച്ചെത്തുന്നത് ഇന്ത്യയ്‌ക്ക് ആശ്വാസം നല്‍കുന്നതാണ്. ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രധാന പേസര്‍മാരില്‍ ഒരാളായ ഹര്‍ഷല്‍ പട്ടേലിന്‍റെ പ്രകടനത്തില്‍ ആശങ്കയുണ്ട്.
പരിക്കിനെ തുടര്‍ന്ന് പുറത്തിരുന്ന താരത്തിന് തിരിച്ചുവരവില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഓസീസിനെതിരായ ടി20 പരമ്പരയില്‍ ഹര്‍ഷല്‍ കൂടുതല്‍ റണ്‍ വഴങ്ങിയിരുന്നു. കരിയര്‍ ഇക്കോണമി 9.5 ആണെങ്കിലും ഓസീസിനെതിരായ മൂന്ന് മത്സരങ്ങളില്‍ 12ന് മുകളിലായിരുന്നു ഹര്‍ഷലിന്‍റെ ഇക്കോണമി.
പ്രോട്ടീസിനെതിരായ മത്സരങ്ങളിലൂടെ താരത്തിന് ഫോമിലേക്ക് ഉയരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും കഴിഞ്ഞ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അടിവാങ്ങിക്കൂട്ടിയിരുന്നു.
മൂന്നാം ടി20യില്‍ തിളങ്ങിയ താരത്തിന് ഫോം തുടരേണ്ടതുണ്ട്. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾ ഏറെ നിര്‍ണയാകമാവാന്‍ കഴിയുന്ന താരം കൂടിയാണ് ചാഹല്‍.
ഭുവിയും ഹാര്‍ദിക്കുമില്ല :ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് ഇന്ത്യ പ്രോട്ടീസിനെതിരെ കളിക്കാനിറങ്ങുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി മാനേജ്‌മെന്‍റ് ഇരുതാരങ്ങള്‍ക്കും വിശ്രമം നല്‍കുകയായിരുന്നു.
കൊവിഡില്‍ നിന്നും മുക്തനാവാത്ത മുഹമ്മദ് ഷമിയെ ഇന്ത്യയ്‌ക്ക് ലഭ്യമാവില്ല. ടി20 ലോകകപ്പില്‍ സ്റ്റാന്‍ഡ് ബൈ താരമായി ഇടം നേടിയ ഷമിക്ക് ഓസീസിനെതിരായ പരമ്പരയും നഷ്‌ടമായിരുന്നു. ഷമിക്ക് പുറമെ പട്ടികയിലുള്ള ദീപക് ചഹാര്‍ അവസരം കാത്തിരിപ്പുണ്ട്.
പേസര്‍മാരെ മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ചഹാര്‍ പ്ലെയിങ് ഇലവനിലെത്തിയേക്കും. ലോകകപ്പിന് മുന്നോടിയായി ടീമിന്‍റെ ഭാഗമായ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുമെന്ന് രോഹിത് പ്രതികരിച്ചിരുന്നു. ഇതോടെ ആര്‍ അശ്വിനേയും പ്ലെയിങ് ഇലവനില്‍ പ്രതീക്ഷിക്കാം.
രാഹുല്‍ പ്രതീക്ഷ കാക്കണം :ബാറ്റിങ് യൂണിറ്റിന്‍റെ പ്രകടനത്തില്‍ ഇന്ത്യയ്‌ക്ക് ആശങ്കയില്ല. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ മികച്ച ടെച്ചിലാണ്. കെഎല്‍ രാഹുല്‍ കൂടുതല്‍ മികവിലേക്ക് ഉയരേണ്ടതുണ്ട്. പരിക്കേറ്റ് പുറത്തായ ദീപക് ഹൂഡയ്‌ക്ക് പകരം ശ്രേയസ് അയ്യര്‍ ടീമിലെത്തിയേക്കും. ഓസീസിനെതിരെയും ഹൂഡ കളിച്ചിരുന്നില്ല.
also read: IND vs SA : ഇന്ത്യ കടുത്ത എതിരാളികളെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ
ഇന്ത്യ : രോഹിത് ശർമ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.
ദക്ഷിണാഫ്രിക്ക : ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ജോൺ ഫോർച്യൂയിൻ, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ, മാർക്കോ ജാൻസണ്‍, കേശവ് മഹാരാജ്, എയ്‌ഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ആൻഡിലെ ഫെഹ്ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റിലീ റോസോ, തബ്രായിസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്.