കേപ് ടൗണ്‍ : ദക്ഷിണാഫ്രിക്കക്കെതിരെ നാളെ ആരംഭിക്കുന്ന ഏകദിനത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ താൻ ഓപ്പണറായി ഇറങ്ങുമെന്ന് നായകൻ കെ.എൽ രാഹുൽ. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.
'കഴിഞ്ഞ ഒരു വർഷത്തിലധികമായി ഞാൻ നാല്, അഞ്ച് സ്ഥാനങ്ങളിലാണ് കളിക്കുന്നത്. ആ സമയത്ത് ടീമിന് എന്നിൽ നിന്ന് വേണ്ടത് അതായിരുന്നു. എന്നാൽ ഇപ്പോൾ രോഹിത് ടീമിലില്ല. അതിനാൽ ഞാൻ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യേണ്ടതായുണ്ട്'. രാഹുൽ പറഞ്ഞു.
അതേസമയം ശിഖർ ധവാൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ എന്നീ താരങ്ങളിൽ ഒരാൾ രാഹുലിനൊപ്പം സഹ ഓപ്പണറായി എത്തുമെന്നാണ് വിവരം. ഇതിൽ ഏറെ അനുഭവ സമ്പത്തുള്ള ധവാന് തന്നെയാണ് സാധ്യത കൂടുതൽ. കൂടാതെ ഐപിഎല്ലിൽ തിളങ്ങിയ വെങ്കിടേഷ് അയ്യർ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചേക്കും.
ALSO READ:IPL AUCTION | കെഎൽ രാഹുലിനെ സ്വന്തമാക്കി ലഖ്‌നൗ ; താരത്തെ ടീമിലെത്തിച്ചത് 15 കോടിക്ക്
ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതിനാൽ ഏകദിനത്തിലെ വിജയം ഇന്ത്യയുടെ അഭിമാനപ്രശ്‌നമാണ്. ഏകദിനം നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ശേഷം വിരാട് കോലി കളിക്കുന്ന ആദ്യ ഏകദിനം കൂടിയാണിത്. അതിനാൽ തന്നെ കോലിയിൽ നിന്ന് മികച്ചൊരു ഇന്നിങ്സ് കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.