കൊളംബോ : ഏഷ്യ കപ്പ് ക്രിക്കറ്റിലെ ത്രില്ലർ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ഇന്ന് നേർക്കുനേർ പോരടിക്കുകയാണ്. ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം.
ടൂര്‍ണമെന്‍റില്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തേയും പാകിസ്ഥാന്‍ രണ്ടാമത്തേയും മത്സരത്തിനാണ് ഇന്നിറങ്ങുന്നത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വച്ചുനടന്ന കഴിഞ്ഞ ടി20 ലോകകപ്പ് മത്സരത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ആ മത്സരത്തിൽ വിരാട് കോലിയുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ ഇന്ത്യ ജയം പിടിച്ചിരുന്നു. വീണ്ടുമൊരു ഇന്ത്യ-പാക് മത്സരത്തിന് ഏഷ്യ കപ്പിലൂടെ വേദിയൊരുങ്ങുമ്പോള്‍ ടിക്കറ്റുകള്‍ എല്ലാം തന്നെ നേരത്തെ വിറ്റുപോയിട്ടുണ്ട്.
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് കാന്‍ഡിയിലെ കാലാവസ്ഥ പ്രവചനം (IND vs PAK Asia Cup 2023 Weather Prediction). ഇന്ന് മത്സരം നടക്കുന്ന പല്ലേക്കലെയിൽ മഴ കളിക്കുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. പകല്‍ സമയത്ത് 67 ശതമാനവും വൈകിട്ട് 84 ശതമാനവും മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11 മണി വരെ ശക്തമായ മഴയ്‌ക്ക് സാധ്യത കൂടുതലാണെന്നാണ് വിവിധ കാലാവസ്ഥാ പ്രവചന വെബ്‌സൈറ്റുകൾ നൽകുന്ന വിവരം. ഇതോടെ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന്‍റെ ഏറിയ പങ്കും മഴ കൊണ്ടുപോകാനുള്ള സാധ്യതയാണ് കാണുന്നത്.
മഴ കളിച്ചാൽ മത്സരഫലം എങ്ങനെ...?കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് മത്സരം നടത്താൻ കഴിയാതിരുന്നാൽ ഇരുടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിടും. ഏകദിന മത്സരമായതിനാൽ ഇരുടീമുകളും മിനിമം 20 ഓവറെങ്കിലും ബാറ്റ് ചെയ്‌താല്‍ മാത്രമേ മത്സരത്തിന്‍റെ ഫലം പ്രഖ്യാപിക്കാൻ കഴിയൂ. ആദ്യ ഇന്നിങ്‌സിനിടെ തന്നെ മഴയെത്തിയാൽ മത്സരം പൂര്‍ണമായും ഉപേക്ഷിക്കും. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെയാണ് മഴ വില്ലനാകുന്നതെങ്കിൽ, 20 ഓവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിൽ മഴ നിയമപ്രകാരം (Duckworth Lewis method) വിജയികളെ നിർണയിക്കും.