ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനുള്ളത്. മറ്റ് താരങ്ങള്‍ പരാജയപ്പെട്ടിടത്ത് സൂര്യ നടത്തിയ വെടിക്കെട്ട് പ്രകടമാണ് കിവീസിന് കൂറ്റന്‍ ലക്ഷ്യം ഒരുക്കുന്നതില്‍ ഇന്ത്യയ്‌ക്ക് തുണയായത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സാണ് നേടിയത്.
ഇതില്‍ 111 റണ്‍സും പുറത്താവാതെ നിന്ന് സൂര്യ അടിച്ചെടുത്തതാണ്. ഏഴ് സിക്‌സും 11 ഫോറുകളുമടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. 11 റണ്‍സ് എക്‌സ്ട്രായിനത്തില്‍ ലഭിച്ചപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ ചേര്‍ന്ന് നേടിയത് 69 റണ്‍സ് മാത്രവും.
കിവീസിന്‍റെ മറുപടി 126 റണ്‍സില്‍ അവസാനിച്ചതോടെ 65 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യയ്‌ക്ക് സ്വന്തമായത്. ഇതോടെ മത്സരത്തിലെ താരമായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു ഏഴാം തവണയാണ് ടി20 ക്രിക്കറ്റില്‍ സൂര്യ പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്നത്.