ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ശുഭ്‌മാൻ ഗിൽ ഏകദിന ഫോര്‍മാറ്റിലെ തന്‍റെ മിന്നും ഫോം തുടരുകയാണ്. കിവീസിനെതിരെ 87 പന്തിലാണ് 23കാരനായ ഗില്‍ മൂന്നക്കം തൊട്ടത്. ഗില്ലിന്‍റെ ഏകദിന കരിയറിലെ മൂന്നാം സെഞ്ച്വറിയാണിത്.
വെറും 19 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗില്‍ ഇത്രയും സെഞ്ച്വറികള്‍ നേടിയിരിക്കുന്നത്. കിവീസിനെതിരായ സെഞ്ച്വറി പ്രകടനത്തോടെ വിരാട് കോലിയേയും ശിഖര്‍ ധവാനെയും പിന്നിലാക്കി ഒരു സുപ്രധാന നേട്ടം സ്വന്തമാക്കാനും ഗില്ലിന് കഴിഞ്ഞു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഗില്‍ പോക്കറ്റിലാക്കിയിരിക്കുന്നത്.
24 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലിയും ധവാനും ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 25 ഇന്നിങ്സുകളില്‍ നിന്നും 1000 റണ്‍സ് തികച്ച നവ്‌ജ്യോത് സിങ് സിദ്ധു, ശ്രേയസ് അയ്യര്‍ എന്നിവരാണ് പിന്നില്‍.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18 ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സ് നേടിയ പാകിസ്ഥാന്‍റെ ഫഖര്‍ സമാനാണ് ഒന്നാം സ്ഥാനത്ത്. ഈ പട്ടികയില്‍ പാകിസ്ഥാന്‍റെ തന്നെ ഇമാം ഉള്‍ ഹഖിനൊപ്പം രണ്ടാമതാണ് ഗില്‍. 21 ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സ് തികച്ച വിവിയന്‍ റിച്ചാർഡ്‌സ്, കെവിൻ പീറ്റേഴ്‌സൺ, ജോനാഥൻ ട്രോട്ട്, ക്വിന്‍റൺ ഡി കോക്ക്, ബാബർ അസം, റാസി വാന്‍ ഡസ്സൻ എന്നിവരാണ് പിന്നില്‍.
ALSO READ:'സ്വേച്ഛാധിപത്യം വച്ചുപൊറുപ്പിക്കാനാവില്ല'; റസ്‌ലിങ് ഫെഡറേഷനെതിരെ ഒളിമ്പ്യന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം