മുംബൈ: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ പരമ്പരയില്‍ നിന്നും പുറത്തായതായി ബിസിസിഐ അറിയിച്ചു. മുതുകിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
താരത്തിന്‍റെ പരിക്ക് എത്രത്തോളം ഗുരുതമാണെന്ന് വ്യക്തമല്ല. കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി ശ്രേയസിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കും. രജത് പടിദാറിനെ ശ്രേയസിന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമീപകാലത്ത് പലപ്പോഴായി മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളില്‍ യഥാക്രമം 28, 28, 38 എന്നിങ്ങനെയായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. മറുവശത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് പടിദാര്‍.
കഴിഞ്ഞ കുറച്ച് പരമ്പരകളിൽ ടീമിന്‍റെ ഭാഗമായിരുന്നുവെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരന നാളെ ഹൈദരാബാദിലാണ് ആരംഭിക്കുന്നത്. ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവ് പ്ലേയിങ് ഇലവനിലെത്തിയേക്കും.
ജനുവരി 21ന് റായ്‌പൂരിലാണ് രണ്ടാം ഏകദിനം. തുടര്‍ന്ന് 24ന് ഇന്‍ഡോറിലാണ് പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും മത്സരം നടക്കുക. സ്ഥിരം നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥമാണ് ഇന്ത്യയ്‌ക്കെതിരെ കിവികളെ നയിക്കുന്നത്.
പുതിയ ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, രജത് പടിദാര്‍, സൂര്യകുമാർ യാദവ്, കെഎസ് ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ഷഹ്‌ബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്.
ALSO READ:IND vs NZ: ഇനി യുദ്ധം കിവികള്‍ക്കെതിരെ; ഒന്നാം ഏകദിനത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു