അഹമ്മദാബാദ്: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്. കീറോണ്‍ പൊള്ളാർഡിന്‍റെ അഭാവത്തിൽ ടോസ് നേടിയ വിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഓപ്പണർ ഇഷാൻ കിഷന് പകരം വൈസ് ക്യാപ്‌റ്റൻ കെ.എൽ രാഹുൽ ടീമിൽ ഇടം നേടിയപ്പോൾ വിൻഡീസ് നിരയിൽ പൊള്ളാർഡിന് പകരം ഒഡെയ്ൻ സ്‌മിത്ത് ഇടം പിടിച്ചു.
ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിനത്തിൽ വിൻഡീസിനെ 6 വിക്കറ്റിന് ഇന്ത്യ തകർത്തിരുന്നു. ആ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.
ബാറ്റർമാരിൽ ക്യാപ്‌റ്റൻ രോഹിത് ശർമ്മ തന്നെയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. വിരാട് കോലിയുടെ മനോഹരമായൊരു ഇന്നിങ്സും ഈ മത്സരത്തില്‍ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
സ്‌പിന്നർമാരിൽ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ ഏകദിനത്തിൽ ചാഹൽ നാല് വിക്കറ്റും, വാഷ്‌ങ് ടണ്‍ സുന്ദർ മൂന്ന് വിക്കറ്റും വീഴ്‌ത്തിയിരുന്നു. പേസർമാരും മികച്ച ഫോമിൽ തന്നെയാണ് പന്തെറിയുന്നത്.