മുംബൈ: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ ബാറ്റര്‍മാരായ ശ്രേയസ് അയ്യരും സഞ്‌ജു സാംസണും കളിച്ചത് സ്വാർഥ മോഹവുമായെന്ന് മുന്‍ സെലക്‌ടര്‍ സാബ കരീം.
' സഞ്‌ജുവും ശ്രേയസും കഴിവുള്ള താരങ്ങളാണ്. ടീമിലെ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും കളിച്ചത്. കീവിസിനെതിരെ ഇരുവരും വേണ്ടത്ര നിർഭയമായിരുന്നില്ലെന്നും ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ തങ്ങളുടെ സ്ഥാനം സംരക്ഷിക്കാനുള്ള അധിക സമ്മർദം ശ്രേയസിനും സഞ്‌ജുവിനും ഉണ്ടായിരുന്നുവെന്നും സാബ കരീം പറഞ്ഞു.
"സഞ്ജു സാംസണും ശ്രേയസ് അയ്യരും പ്ലേയിങ് ഇലവനിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ നോക്കുകയാണ്. അതിനാലാണ് അവർക്ക് ഭയരഹിത ക്രിക്കറ്റ് കളിക്കാൻ കഴിയാത്തത്. ഇന്നത്തെ കളിക്കാർ ടീമില്‍ അവരുടെ സ്ഥാനത്തെക്കുറിച്ച് വളരെ അരക്ഷിതാവസ്ഥയിലാണ്.
യുവ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്. അവരുടെ ഭയം ഇല്ലാതെയാക്കണം. ഭയമില്ലെങ്കിൽ അവരുടെ സമീപനത്തിൽ നമുക്ക് വ്യത്യാസം കാണാനാവും. സ്ഥാനം സംരക്ഷിക്കാൻ സ്വാർഥ ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല". സാബ കരീം പറഞ്ഞു.
കിവീസിനെതിരെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ശ്രേയസ് അയ്യര്‍. 76 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 80 റണ്‍സാണ് ശ്രേയസ് നേടിയത്. 38 പന്തില്‍ നാല് ഫോറുകള്‍ സഹിതം 36 റണ്‍സെടാണ് സഞ്‌ജു നേടിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 94 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്‌തു.
മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 306 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കിവീസ് 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 309 റണ്‍സെടുത്തു. സെഞ്ചുറി പ്രകടനവുമായി ടോം ലാഥവും അര്‍ധ സെഞ്ചുറിയുമായി നായകന്‍ കെയ്‌ന്‍ വില്യംസണും കിവീസിന്‍റെ വിജയത്തില്‍ നിര്‍ണായകമായി.
Also read:ഉമ്രാന് അനുയോജ്യം ഈ ഫോര്‍മാറ്റ് ; കാരണം നിരത്തി വസീം ജാഫര്‍