ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 90 റൺസിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്കായി സെഞ്ചുറി നേടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും തിളങ്ങിയപ്പോള്‍ ബോളിങ്ങില്‍ ശാര്‍ദുല്‍ താക്കൂറും കുല്‍ദീപ് യാദവുമാണ് നിര്‍ണായകമായത്.
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയാണ് ഇരുവരും തിളങ്ങിയത്. ആറ് ഓവറില്‍ 45 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ശാര്‍ദുല്‍ ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ഇതോടെ മത്സരത്തിലെ താരമായും ശാര്‍ദുല്‍ താക്കൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ ശാര്‍ദുലിന്‍റെ മോശം ബോളിങ്ങിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ താരത്തോട് ചൂടാവുന്ന ഒരു സംഭവവും കളിക്കളത്തിലുണ്ടായി. കിവീസ് ഇന്നിങ്‌സിന്‍റെ 27ാം ഓവറിലാണ് രോഹിത് ശാര്‍ദുലിനെ ശകാരിച്ചത്.
ശാര്‍ദുലിന്‍റെ പന്തിന്‍റെ ലെങ്താണ് ഇന്ത്യന്‍ ക്യാപ്റ്റനെ നിരാശപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍. ഈ സമയം രോഹിത്തിനോട് യോജിച്ച കമന്‍റേറ്റർമാരും ശാര്‍ദുലിന്‍റെ ബോളിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് താരത്തിന് ആവശ്യമായ നിര്‍ദേശങ്ങളും രോഹിത് നല്‍കി.
ന്യൂസിലൻഡ് താരങ്ങളായ ഡാരിൽ മിച്ചൽ, ക്യാപ്റ്റന്‍ ടോം ലാഥം, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ വിക്കറ്റാണ് ശാര്‍ദുല്‍ നേടിയിരുന്നത്. 17 പന്തുകളില്‍ നിന്നും 25 റൺസെടുത്തായിരുന്നു താരം പുറത്തായത്.
മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സര പരമ്പര തൂത്തുവാരന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന് ജയിച്ച ഇന്ത്യ റായ്‌പൂരിലെ രണ്ടാം മത്സരം എട്ട് വിക്കറ്റിനാണ് മത്സരം പിടിച്ചത്. ഇതോടെ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി.
ALSO READ:മൂന്നു വര്‍ഷമൊക്കെ ശരി തന്നെ, എന്നാല്‍ വസ്‌തുത ഇതാണ്; പൊട്ടിത്തെറിച്ച് രോഹിത് ശര്‍മ