ക്യൂൻസ്‌ടൗണ്‍: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് 60 റണ്‍സിന്‍റെ തോൽവി. കിവീസിന്‍റെ 276 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 213 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. 59 റണ്‍സെടുത്ത ക്യാപ്‌റ്റൻ മിതാലി രാജിനും, 41 റണ്‍സ് നേടിയ യാസ്‌തിക ഭാട്ടിയക്കും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്.
ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് ഓപ്പണർ സൂസ് ബെയ്‌റ്റ്സിന്‍റെ (106) സെഞ്ച്വറി മികവിലാണ് 275 റണ്‍സ് എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിയത്. ആമി സാത്തർത്ത്വൈറ്റ്(63), അമേലിയ കെർ(33) എന്നിവരും മികച്ച പിന്തുണ നൽകി.
ഒരു ഘട്ടത്തിൽ 204ന് 2 എന്ന ശക്‌തമായ നിലയിലായിരുന്നു കിവീസിന്‍റെ ബാറ്റിങ് നിര പിന്നീട് തകർന്നടിയുകയായിരുന്നു. ഇന്ത്യക്കായി ജൂലൻ ഗോസ്വാമി, പൂജ വസ്‌ട്രാക്കർ, രാജേശ്വരി ഗായക്വാഡ്, ദീപ്‌തി ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ സബ്‌ഹിനേനി മേഖ്‌നയെ(4) തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്‌ടമായി. തൊട്ടുപിന്നാലെ ഷഫാലി വെർമ(12)യും കളം വിട്ടു. ഇതോടെ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 17 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.
ALSO READ:LEAGUE 1: ഇഞ്ച്വറി ടൈമിൽ ഗോൾ; റെന്നസിനെതിരെ പിഎസ്‌ജിക്ക് വിജയം
എന്നാൽ പിന്നാലെയൊന്നിച്ച യാസ്‌തിക ഭാട്ടിയയും ക്യാപ്‌റ്റൻ മിതാലി രാജും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. ടീം സ്കോർ 105ൽ നിൽക്കെ ഭാട്ടിയയെ ഇന്ത്യക്ക് നഷ്‌ടമായി. പിന്നാലെ മിതാലി രാജും പുറത്തായി. പിന്നാലെയെത്തിയ ഹർമൻപ്രീത് കൗറിനും കൂടുതലൊന്നും ചെയ്യാനായില്ല.
റിച്ച ഗോഷ്(22), ദീപ്‌തി ശർമ്മ(16), പൂജ വസ്‌താർക്കർ(23), പൂനം യാദവ്(3), രാജേശ്വരി ഗെയ്‌ക്വാദ്(0) എന്നിവർക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല. ജൂലൻ ഗോസ്വാമി(13) പുറത്താകാതെ നിന്നു. കിവീസിനായി ജെസ് കെർ നാല് വിക്കറ്റ് വീഴ്‌ത്തി.