ബേ ഓവല്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ 65 റണ്‍സിന്‍റെ തോല്‍വിയാണ് ന്യൂസിലന്‍ഡ് വഴങ്ങിയത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ മികവാണ് ഇന്ത്യയ്‌ക്ക് അനായാസ വിജയം സമ്മാനിച്ചത്. വെറും 51 പന്തില്‍ 111 റണ്‍സടിച്ച താരം പുറത്താവാതെ നിന്നിരുന്നു.
മൈതാനത്തിന്‍റെ നാല് ഭാഗത്തും പന്ത് പായിച്ച 'മിസ്റ്റര്‍ 360 ഡിഗ്രി' 11 ഫോറുകളും ഏഴ് സിക്‌സുകളുമാണ് കണ്ടെത്തിയത്. മത്സര ശേഷം ബേ ഓവലിലെ സൂര്യയുടെ ഈ ബാറ്റിങ് മികവിനെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് കിവീസ് നായകന്‍ കെയ്ൻ വില്യംസൺ. താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ് സൂര്യയുടെ പ്രകടനമെന്നാണ് വില്യംസണ്‍ പറയുന്നത്.
സൂര്യയുടെ ഷോട്ടുകളിൽ ചിലത് താന്‍ ആദ്യമായാണ് കാണുന്നതെന്നും വില്യംസണ്‍ തുറന്ന് സമ്മതിച്ചു. "ഈ മത്സരത്തില്‍ ഞങ്ങളുടെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. സൂര്യയുടെ ഇന്നിങ്‌സ് മനോഹരമായിരുന്നു. ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന്. ആ ഷോട്ടുകളിൽ ചിലത്, ഞാൻ മുമ്പ് കണ്ടിട്ടില്ല", വില്യംസണ്‍ പറഞ്ഞു.