വെല്ലിങ്‌ടണ്‍: ടി20 ലോകകപ്പിലെ നിരാശജനകമായ പുറത്താവലിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയ്‌ക്കൊരുങ്ങുകയാണ് ടീം ഇന്ത്യ. മൂന്ന് വീതം ടി20, ഏകദിനങ്ങളടങ്ങിയ പരമ്പര നവംബര്‍ 18നാണ് ആരംഭിക്കുന്നത്. ടി20 പരമ്പരയില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.
ലോകകപ്പിലെ നിരാശയെ മറികടന്ന് പുതിയ തുടക്കമാണ് ഇന്ത്യ കിവീസിനെതിരെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഹാര്‍ദിക് പറഞ്ഞു. എകദിന പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഹാര്‍ദിക്കിന്‍റെ പ്രതികരണം. "ഞങ്ങൾ പ്രൊഫഷണലുകളാണ്, അതിനാല്‍ തന്നെ വിജയങ്ങളോടൊപ്പം പരാജയങ്ങളെയും നേരിടേണ്ടതുണ്ട്. തെറ്റുകള്‍ തിരുത്തി കൂടുതല്‍ മുന്നേറാനാണ് കാത്തിരിക്കുന്നത്, ഹാര്‍ദിക് പറഞ്ഞു.
ഒരുക്കങ്ങള്‍ ആരംഭിക്കുന്നു:2024ലെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ഇവിടം മുതല്‍ ആരംഭിക്കുന്നതായും ഹാര്‍ദിക് പറഞ്ഞു. "ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. അതിനാൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് ഞങ്ങൾക്ക് സമയമുണ്ട്. ഇക്കാലയളവില്‍ ധാരാളം ക്രിക്കറ്റ് കളിക്കുകയും, പുതിയ ഏറെ താരങ്ങള്‍ക്ക് മതിയായ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.
എല്ലാ താരങ്ങള്‍ക്കും ഇവിടെ ആസ്വദിച്ച് കളിക്കാനാവുമെന്ന് ഉറപ്പ് വരുത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പിന്നീട് സംസാരിക്കും", ഹാര്‍ദിക് പറഞ്ഞു.
കിവീസിനെതിരായ പരമ്പരയില്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിച്ചതോടെ ശുഭ്‌മാൻ ഗിൽ, ഉമ്രാൻ മാലിക്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ തുടങ്ങിയവർ പരമ്പരയില്‍ ഇടം നേടിയിരുന്നു. തങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട പരമ്പരയാണെന്നും ഹാര്‍ദിക് പറഞ്ഞു.