വെല്ലിങ്‌ടണ്‍: ന്യൂസിലൻഡിനെതിരായ ടി20 മത്സരങ്ങള്‍ക്കുള്ള പ്ലെയിങ് ഇലവനിൽ മലയാളി ബാറ്റര്‍ സഞ്ജു സാംസണിനെയും പേസര്‍ ഉമ്രാൻ മാലിക്കിനെയും ഉള്‍പ്പെടുത്താതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. "പുറത്തു നിന്ന് ആളുകൾ പറയുന്നത്, ഈ ലെവലിൽ കാര്യമാക്കേണ്ടതില്ല. ഇത് എന്‍റെ ടീമാണ്, ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന ടീമിനെ ഞാനും കോച്ചും തെരഞ്ഞെടുക്കും. ഇനിയും ഒരുപാട് സമയമുണ്ട്, എല്ലാവർക്കും അവസരം ലഭിക്കും. ഒരാള്‍ക്ക് അവസരം ലഭിക്കുമ്പോൾ, അത് കൂടുതല്‍ സമയത്തേക്കുള്ളതായിരിക്കും" മൂന്നാം ടി20യ്‌ക്ക് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഹാർദിക് പറഞ്ഞു.
"ദൈർഘ്യമേറിയ പരമ്പരയായിരുന്നെങ്കിൽ, കൂടുതൽ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ, വ്യക്തമായും അവസരങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ ഇത് ഒരു ചെറിയ പരമ്പരയാകുമ്പോൾ അങ്ങനെയാവണമെന്നില്ല. ഇടയ്‌ക്കിടെ അഭിപ്രായം മാറ്റുന്ന ഒരാളല്ല ഞാന്‍. ഭാവിയിലും അതങ്ങനെ തന്നെയാവും." ഹാര്‍ദിക് പറഞ്ഞു.
രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മഴ കളിച്ച മൂന്ന് മത്സര പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തിലെ വിജയമാണ് ഇന്ത്യയ്‌ക്ക് തുണയായത്.
മൂന്നാം മത്സരവും മഴ തടസപ്പെടുത്തിയതോടെ സമനിലയിലായി. മൂന്നാം ടി20 നടന്ന നേപിയറിലെ റണ്ണൊഴുകുന്ന പിച്ചില്‍ സഞ്‌ജുവിനെ ഇറക്കാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
അത് പ്രയാസം തന്നെ:സ്ഥിരമായി അവസരം ലഭിക്കാതിരിക്കുന്നത് ഒരു കളിക്കാരന് പ്രയാസമാണെന്ന് ഹാർദിക് സമ്മതിച്ചു. "ഒരാള്‍ പുറത്തിരിക്കുകയാണെങ്കില്‍, ഉദാഹരണത്തിന് സഞ്ജു സാംസൺ, അവനെ കളിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് ഞങ്ങള്‍ക്കായില്ല.