റാഞ്ചി:ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. റാഞ്ചിയില്‍ വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുക. രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയാണ് ആതിഥേയരെ നയിക്കുന്നത്.
സൂര്യകമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ തോല്‍വിക്ക് മറുപടി നല്‍കാനാവും ന്യൂസിലന്‍ഡിന്‍റെ ശ്രമം. ഏകദിന പരമ്പരയില്‍ ക്യാപ്റ്റനായ ടോം ലാഥത്തിന് പകരം മിച്ചല്‍ സാന്‍റ്‌നറാണ് ടി20 പരമ്പരയില്‍ കിവികളെ നയിക്കുന്നത്.
പൃഥ്വി ഷാ കാത്തിരിക്കണം:ഇഷാന്‍ കിഷനൊപ്പം ശുഭ്‌മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യുമെന്ന് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷായ്‌ക്ക് കാത്തിരിക്കേണ്ടി വന്നേക്കും.
ആഭ്യന്ത ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടിയാണ് പൃഥ്വി ഷാ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ടി20 ഫോര്‍മാറ്റില്‍ തിളങ്ങാനായിട്ടില്ലെങ്കിലും കിവീസിനെതിരായ ഏകദിന പരമ്പരയില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് ഗില്‍ നടത്തിയിരുന്നത്. ഈ ഫോം അവഗണിക്കാനാവില്ലെന്നാണ് ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യ സാധ്യത ഇലവന്‍ പരിശോധിക്കാം
ശുഭ്‌മാന്‍ ഗില്‍: കിവീസിനെതിരെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ 360 റണ്‍സ് അടിച്ചുകൂട്ടിയ ഗില്‍ റെക്കോഡിട്ടിരുന്നു. ഒരു ഇരട്ട സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെയായിരുന്നു 23കാരന്‍റെ പ്രകടനം. എന്നാല്‍ ടി20യില്‍ തന്‍റെ പ്രകടനം ഗില്ലിന് മെച്ചപ്പെടുത്തേണ്ടതുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ 7, 5, 46 എന്നിങ്ങനെയായിരുന്നു ഗില്ലിന് നേടാന്‍ കഴിഞ്ഞത്.
ഇഷാന്‍ കിഷന്‍: റിഷഭ് പന്ത്, സഞ്‌ജു സാംസണ്‍ എന്നിവരുടെ അഭാവത്തില്‍ വിക്കറ്റിന് പിന്നിലും ഇഷാന് സ്ഥാനം ഉറപ്പാണ്. ടി20യില്‍ മികച്ച പ്രകനടം നടത്തുന്ന താരം ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരവാകും ഇഷാന്‍ ലക്ഷ്യം വയ്‌ക്കുക.
സൂര്യകുമാര്‍ യാദവ്: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ തകര്‍പ്പന്‍ സെഞ്ചുറിയമായി സൂര്യ പുറത്താവാതെ നിന്നിരുന്നു. വെറും 51 പന്തുകളില്‍ 112* റൺസാണ് താരം അടിച്ച് കൂട്ടിയത്. ഈ ഫോം കിവീസിനെതിരെയും ആവര്‍ത്തിക്കാനാവും സൂര്യയുടെ ശ്രമം.
രാഹുൽ ത്രിപാഠി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലാണ് ത്രിപാഠി അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്. പക്ഷെ തന്‍റെ ആദ്യ മത്സരത്തില്‍ വെറും അഞ്ച് റണ്‍സിന് ത്രിപാഠി പുറത്തായിരുന്നു. എന്നാല്‍ മൂന്നാം ടി20യില്‍ 16 പന്തിൽ 35 റൺസ് നേടിയ താരം തന്‍റെ വരവ് പ്രഖ്യാപിച്ചിരുന്നു.
ഹാർദിക് പാണ്ഡ്യ: കീവിസിനെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി പ്രകടനം നടത്തിയ ഹാര്‍ദിക് തിളങ്ങിയിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പരാജയമായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 45 റൺസ് മാത്രമാണ് ഹാര്‍ദി നേടിയത്. രണ്ട് വിക്കറ്റുകള്‍ മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
ദീപക് ഹൂഡ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ 23 പന്തിൽ പുറത്താകാതെ 41 റൺസ് നേടാന്‍ ഹൂഡയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടി20യിൽ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഇതോടെ കിവീസിനെതിരെ തന്‍റെ മിന്നും പ്രകടനത്തിലേത്ത് തിരിച്ചെത്താനാവും ഹൂഡയുടെ ശ്രമം.
കുൽദീപ് യാദവ്: കിവീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ കുല്‍ദീപിന് കഴിഞ്ഞിരുന്നു. ടി20യിലും ഈ മികവ് ആവര്‍ത്തിക്കാനാവും കുല്‍ദീപിന്‍റെ ശ്രമം. ബാറ്റുകൊണ്ടും നിര്‍ണായക സംഭാവന നല്‍കാന്‍ കുല്‍ദീപിന് കഴിയും.
അർഷ്‌ദീപ് സിങ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 ആര്‍ഷ്‌ദീപ് മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാവുമെന്നുറപ്പ്. ഹാട്രിക് ഉള്‍പ്പെടെ അഞ്ച് നോബോളുകളാണ് ആര്‍ഷ്‌ദീപ് എറിഞ്ഞത് ഇതോടെ ചില മോശം റെക്കോഡുകളും താരത്തിന്‍റെ തലയിലായി.
എന്നാല്‍ മൂന്നാം ടി20യില്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ അര്‍ഷ്‌ദീപ് 2.4 ഓവറിൽ 20 റൺസ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ഈ പ്രകടനം കിവീസിനെതിരെയും ആവര്‍ത്തിക്കാനാവും അര്‍ഷ്‌ദീപിന്‍റെ ശ്രമം.
ശിവം മാവി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മാവി നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുമായി തിളങ്ങിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ മാവിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ ഒരു തിരിച്ചുവരവാകും മാവിയുടെ മനസില്‍.
ഉമ്രാന്‍ മാലിക്: വേഗം കൊണ്ട് ഏവരേയും അതിശയിപ്പിക്കുന്ന ഉമ്രാന് ഏറെ മത്സരപരിചയം ആവശ്യമുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ താരം തിളങ്ങിയിരുന്നു. തന്‍റെ ബോളിങ്ങിന്‍റെ മൂര്‍ച്ച കൂട്ടാനാവും ഉമ്രാന്‍ കിവികള്‍ക്കെതിരെ ഇറങ്ങുക.
വാഷിങ്‌ടണ്‍ സുന്ദര്‍/ യുസ്‌വേന്ദ്ര ചാഹല്‍: സ്‌പിന്നറായ ചാഹലും ഓള്‍ റൗണ്ടറായ സുന്ദറും തമ്മിലുള്ള തെരഞ്ഞെടുപ്പ് രസകരമായിരിക്കും. അവസരം ലഭിച്ചാല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം വീഴ്‌ത്താന്‍ കഴിഞ്ഞ വെറ്ററന്‍ താരമായ ചാഹലിന് തന്‍റെ പ്രടനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ബാറ്റുകൊണ്ടും നിര്‍ണായകമാവാന്‍ സുന്ദറിന് കഴിയുമെന്നത് മാനേജ്‌മെന്‍റിനെ ചിന്തിപ്പിക്കും.