ഓവല്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയുമായുള്ള ബന്ധത്തിന്‍റെ ആഴം വെളിപ്പെടുത്തി വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാന്‍. നീണ്ട ഒമ്പത് വര്‍ഷത്തെ ബന്ധം ഇപ്പോഴും ദൃഢമാണെന്ന് ധവാന്‍ ട്വീറ്റ് ചെയ്‌തു. ഓവലില്‍ ഇംഗ്ലണ്ടിനെതിരായ 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെയാണ് ധവാന്‍റെ പ്രതികരണം.
ധവാനുമായി തനിക്ക് മികച്ച ധാരണയോടെ കളിക്കാന്‍ കഴിയുമെന്ന് രോഹിത്തും പറഞ്ഞിരുന്നു. പരസ്‌പരം നന്നായി മനസിലാക്കുന്ന തങ്ങള്‍ ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. വളരെ പരിചയസമ്പന്നനായ ഒരു താരമാണ് ധവാനെന്നുമായിരുന്നു രോഹിത്തിന്‍റെ പ്രതികരണം.
ഓവലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയ ലക്ഷ്യം ഓപ്പണര്‍മാരായ രോഹിത്തും ധവാനും പുറത്താകാതെ നിന്നാണ് മറികടന്നത്. രോഹിത് 58 പന്തില്‍ 76 റണ്‍സും ധവാന്‍ 54 പന്തില്‍ 31റണ്‍സുമെടുത്താണ് പുറത്താവാതെ നിന്നത്.
2013ലെ ചാമ്പ്യൻസ് ട്രോഫിയില്‍ ഓപ്പണര്‍മാരായി ഒന്നിച്ച രോഹിത്തിന്‍റേയും ധവാന്‍റേയും 112-ാമത്തെ ഇന്നിങ്‌സായിരുന്നു ഓവലിലേത്. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തില്‍ ഓപ്പണർമാരായി 5000 റണ്‍സ് കൂട്ടുകെട്ട് പിന്നിടാനും ഇരുവര്‍ക്കും കഴിഞ്ഞിരുന്നു.
ഏകദിനത്തില്‍ 5000 റണ്‍സ് കൂട്ടുകെട്ട് പിന്നിടുന്ന നാലാമത്തെയും ഇന്ത്യയുടെ രണ്ടാമത്തേയും മാത്രം സഖ്യമാണ് രോഹിത്തും ധവാനും. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെൻഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍മാര്‍. 6609 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
അതേസമയം രോഹിതും ധവാനും ചേര്‍ന്ന് ഇത് 18-ാം തവണയാണ് 100 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തുന്നത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുകളുള്ള താരങ്ങളില്‍ മൂന്നാമതെത്താനും ഇരുവര്‍ക്കുമായി. രോഹിത്-കോലി സഖ്യവും നേരത്തെ 18 തവണ സെഞ്ച്വറി കൂട്ടുകെട്ട് നേടിയിട്ടുണ്ട്. 26 തവണ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ സച്ചിനും ഗാംഗുലിയുമാണ്ഈ പട്ടികയിലും തലപ്പത്തുള്ളത്.
also read: ഓവലിലെ മിന്നും ജയം; റാങ്കിങ്ങിലും ഇന്ത്യയ്‌ക്ക് കുതിപ്പ്, മൂന്ന് ഫോര്‍മാറ്റിലും ആദ്യമൂന്നിലുള്ള ഏക ടീം