മാഞ്ചസ്റ്റര്‍:വൈറ്റ് ബോള്‍ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട് പര്യടനം അവിസ്‌മരണീയം ആക്കിയിരിക്കുകയാണ് ഇന്ത്യ. അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചപ്പോള്‍ ടി20, ഏകദിന പരമ്പര 2-1നാണ് രോഹിത് ശര്‍മയും സംഘവും നേടിയത്. ഇതോടെ 2015ന് ശേഷം ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേടുന്ന മൂന്നാമത്തെ മാത്രം വിദേശ ടീമാവാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
ഇതോടൊപ്പം ക്യാപ്‌റ്റനെന്ന നിലയില്‍ ചില അപൂര്‍വ റെക്കോഡുകളും രോഹിത്തിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ എകദിന, ടി20 പരമ്പരകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്‌റ്റനെന്ന റെക്കോഡ് ഉള്‍പ്പെടെയാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര ജയിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്‌റ്റനെന്ന നേട്ടവും രോഹിത്തിന് സ്വന്തമാണ്.
മുഹമ്മദ് അസ്‌ഹറുദ്ദീന്‍, എം.എസ് ധോണി എന്നിവരാണ് നേരത്തെ ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേടിയ ഇന്ത്യന്‍ നായകന്മാര്‍. 1990ൽ മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ ആദ്യ ഏകദിന പരമ്പര ജയിക്കുന്നത്. തുടര്‍ന്ന് 24 വർഷത്തിന് ശേഷമായിരുന്നു ധോണിയുടെയും സംഘത്തിന്‍റെയും നേട്ടം.