കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ക്ക് ഇന്ത്യന്‍ ടീമിന് പുറത്തുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നടുവിനേറ്റ പരിക്കിനെ തുടര്‍ന്നാണ് 29-കാരനായ ബുംറയ്‌ക്ക് ഇന്ത്യന്‍ ടീമിന് പുറത്തിരിക്കേണ്ടി വന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യ കപ്പ്, ടി20 ലോകകപ്പ്, അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവ താരത്തിന് നഷ്‌ടമായിരുന്നു.
ടൂര്‍ണമെന്‍റുകളില്‍ ജസ്‌പ്രീത് ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാവുകയും ചെയ്‌തു. എത്ര ശക്തരായ എതിരാളികളായാലും ബുംറയുടെ തീ പാറുന്ന പന്തുകളും കൃത്യതയുള്ള യോര്‍ക്കറുകളും ഇന്ത്യയ്‌ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. എന്നാല്‍ പന്തുകൊണ്ടല്ലാതെ ബാറ്റുകൊണ്ടും തിളങ്ങാന്‍ തനിക്ക് കഴിയുമെന്നും ബുംറ കാട്ടിത്തന്നിട്ടുണ്ട്.
അത്തരത്തിലൊരു അവസരത്തില്‍ പിറന്നതാവട്ടെ ലോക റെക്കോഡ് കൂടിയാണ്. 2022-ലെ ഇതേ ജൂലൈ രണ്ടിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ജസ്‌പ്രീത് ബുംറ അടിച്ചെടുത്തത്. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവർട്ട് ബ്രോഡായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്.
ബുംറ അടിച്ചെടുത്ത 29 റണ്‍സും എക്‌സ്‌ട്രാ ഇനത്തില്‍ നല്‍കിയതുമുള്‍പ്പെടെ 35 റൺസായിരുന്നു അന്ന് ഒരൊറ്റ ഓവറില്‍ ബ്രോഡ് വഴങ്ങിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവര്‍ എറിഞ്ഞ ബോളറെന്ന മോശം റെക്കോഡ് ബ്രോഡിന്‍റെ തലയിലാവുകയും ചെയ്‌തു. മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ നില്‍ക്കെയാണ് അന്ന് ടീമിന്‍റെ നായകന്‍ കൂടിയായ ബുംറ ക്രീസിലെത്തുന്നത്.