കറാച്ചി : നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഫേവറേറ്റുകളിലൊന്ന് ടീം ഇന്ത്യയായിരിക്കുമെന്ന് പാകിസ്ഥാൻ മുൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. എഡ്‌ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ വിജയത്തിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അഫ്രീദിയുടെ പ്രതികരണം. മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് പ്രകടനം ശ്രദ്ധേയമായിരുന്നുവെന്നും അഫ്രീദി പറഞ്ഞു.
'ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചു, പരമ്പര ജയിക്കാൻ അർഹതയുണ്ട്. ശരിക്കും ശ്രദ്ധേയമായ ബൗളിങ് പ്രകടനമാണ്, അവർ തീർച്ചയായും ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്‍റെ ഫേവറേറ്റുകളില്‍ ഒന്നായിരിക്കും' - മത്സരത്തിന്‍റെ ഫലം പങ്കുവച്ച ഐസിസി ട്വീറ്റ് റീട്വീറ്റ് ചെയ്‌ത് അഫ്രീദി കുറിച്ചു. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്.
അതേസമയം എഡ്‌ജ്ബാസ്റ്റണിൽ 49 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് പുറത്തായി. മികച്ച രീതിയിൽ പന്തെറിഞ്ഞ ബൗളർമാരാണ് ഇന്ത്യയെ അനായാസം ജയത്തിലെത്തിച്ചത്.