ലണ്ടന്‍: ഇംഗ്ലണ്ടില്‍ ടി20ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിന്‍റെ മണ്ണില്‍ ഇതുപോലൊരു നേട്ടം എളുപ്പമല്ലെന്ന് ഗാംഗുലി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‍ കൂടിയായ ഗാംഗുലിയുടെ പ്രതികരണം.
''ഇംഗ്ലണ്ടിലെ മികച്ച പ്രകടനം. ടെസ്റ്റില്‍ 2-2. ടി20യിലും ഏകദിനത്തിലും ജയം. ദ്രാവിഡിനും രോഹിത്തിനും രവി ശാസ്‌ത്രിക്കും കോലിക്കും അഭിനന്ദനങ്ങള്‍. പന്ത് സ്‌പെഷ്യലായിരുന്നു. അതുപോലെ തന്നെ പാണ്ഡ്യയും'', ഗാംഗുലി ട്വീറ്റ് ചെയ്‌തു.
അഞ്ച് മത്സര ടെസ്റ്റ് പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചപ്പോള്‍ ടി20, ഏകദിന പരമ്പര 2-1നാണ് രോഹിത് ശര്‍മയും സംഘവും നേടിയത്. ഇതോടെ 2015ന് ശേഷം ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേടുന്ന മൂന്നാമത്തെ മാത്രം വിദേശ ടീമാവാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
അതേസമയം ഏകദിന പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. സെഞ്ച്വറി നേടി പുറത്താവാതെ നിന്ന റിഷഭ് പന്തും, ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായകമായി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ ഇന്ത്യ 45.5 ഓവറില്‍ 259 റണ്‍സില്‍ പുറത്താക്കി. 80 പന്തില്‍ 60 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചഹലുമാണ് തിളങ്ങിയത്.
മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റുകൾ മാത്രം നഷ്‌ടപ്പെടുത്തിയാണ് ലക്ഷ്യം മറികടന്നത്. 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും അടക്കം 125 റൺസാണ് റിഷഭ് പന്ത് നേടിയത്. പന്തിന്‍റെ ആദ്യ ഏകദിന സെഞ്ച്വറിയാണ് മാഞ്ചസ്റ്ററില്‍ പിറന്നത്. ഹാര്‍ദിക് 55 പന്തില്‍ 10 സിക്‌സുകള്‍ സഹിതം 71 റണ്‍സടുത്തു.
also read: ഇന്ത്യയ്‌ക്ക് അവിസ്‌മരണീയം; മരണ മാസ് ക്യാപ്‌റ്റനായി രോഹിത്, സ്വന്തമാക്കിയത് അപൂര്‍വ നേട്ടങ്ങള്‍