ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 272 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 271 റണ്‍സ് എടുത്തത്. മെഹിദി ഹസന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
83 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 100 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. അര്‍ധ സെഞ്ച്വറി നേടിയ മഹ്മൂദുള്ളയും തിളങ്ങി. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. 19-ാം ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 69 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍. അനാമുൽ ഹഖിന്‍റെ വിക്കറ്റാണ് സംഘത്തിന് ആദ്യം നഷ്‌ടമായത്.
ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ ലിറ്റൺ ദാസും (7), നജ്‌മുൽ ഹൊസൈൻ ഷാന്‍റോയും (21) മടങ്ങി. ലിറ്റണ്‍ ദാസിനെ സിറാജും ഷാന്‍റോയെ ഉമ്രാനും ബൗള്‍ഡാക്കുകയായിരുന്നു.