ഓവല്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ ടീമിന് കനത്ത പിഴ ചുമത്തി ഐസിസി. മാച്ച് ഫീയുടെ 100 ശതമാനമാണ് ഐസിസി ടീമിന് പിഴ വിധിച്ചിരിക്കുന്നത്.
മത്സരത്തില്‍ നിശ്ചിത സമയത്ത് അഞ്ച് ഓവര്‍ പിന്നിലായിരുന്നു ഇന്ത്യയെന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഐസിസി നിയമം അനുസരിച്ച് നിശ്ചിത സമയത്ത് പൂര്‍ത്തിയാവാതിരിക്കുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ നല്‍കുക. ഇതോടെയാണ് ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ ലഭിച്ചത്. നിശ്ചിത സമയത്ത് നാലോവര്‍ പിന്നിലായിരുന്ന ഓസ്‌ട്രേലിയയ്‌ക്ക് മാച്ച് ഫീയുടെ 80 ശതമാനവും പിഴ വിധിച്ചിട്ടുണ്ട്.
ഗില്ലിന് പിഴ 115 ശതമാനം:ഇതിന് പുറമെ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സിലെ വിവാദ പുറത്താവലിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴയും ഐസിസി ചുമത്തിയിട്ടുണ്ട്.
ഇതോടെ ഗില്ലിന് മാച്ച് ഫീയുടെ 115 ശതമാനം പിഴയായി നല്‍കേണ്ടി വരും. ശുഭ്‌മാന്‍ ഗില്‍ പെരുമാറ്റ ചട്ടത്തിന്‍റെ ആർട്ടിക്കിൾ 2.7 ലംഘിച്ചതായി ഐസിസി പ്രസ്‌താവനയില്‍ അറിയിച്ചു. ഈ നിയമം അനുസരിച്ച് ഒരു അന്താരാഷ്ട്ര മത്സരത്തിനിടെയുണ്ടാവുന്ന സംഭവവുമായി ബന്ധപ്പെട്ട് കളിക്കാര്‍ നടത്തുന്ന പൊതുവിമർശനമോ അനുചിതമായ അഭിപ്രായമോ ശിക്ഷാര്‍ഹമാണ്.
ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തിന്‍റെ നാലാം ദിനത്തിലെ ഗില്ലിന്‍റെ പുറത്താവല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സ്‌കോട്ട് ബോലാന്‍ഡ് എറിഞ്ഞ എട്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ കാമറൂണ്‍ ഗ്രീനാണ് ഗള്ളിയില്‍ ശുഭ്‌മാന്‍ ഗില്ലിനെ കയ്യില്‍ ഒതുക്കിയത്. കാമറൂണ്‍ ഗ്രീന്‍ ക്യാച്ചെടുക്കുമ്പോള്‍ പന്ത് നിലത്ത് കുത്തിയെന്ന് സംശയം തോന്നിയതോടെ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു.
ALSO READ:WTC Final| 'എന്ത് മോശം ഷോട്ടാണ് കളിച്ചതെന്ന് കോലിയോട് ചോദിക്കണം, നാഴികകല്ലുകളെക്കുറിച്ച് ചിന്തിച്ചാല്‍ ഇങ്ങനെയിരിക്കും'; ഗവാസ്‌കര്‍
തുടര്‍ന്ന് ലഭ്യമായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ക്യാച്ചിന്‍റെ ആധികാരികത ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും തേര്‍ഡ് അമ്പയറായിരുന്ന റിച്ചാര്‍ഡ് കെറ്റില്‍ബറോ താരം ഔട്ട് ആണെന്ന് വിധിക്കുകയായിരുന്നു. പിന്നാലെ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു 23-കാരനായ ഗില്‍ പ്രതിഷേധം അറിയിച്ചത്. ഗ്രീന്‍ ക്യാച്ചെടുക്കുമ്പോള്‍ പന്ത് നിലത്ത് തട്ടിയെന്ന് തോന്നിക്കുന്ന ഫോട്ടോയ്‌ക്ക് ഒപ്പം കയ്യടിക്കുന്ന ഇമോജികളും ഗില്‍ ചേര്‍ത്തിരുന്നു.
അതേസമയം മത്സരത്തില്‍ 209 റണ്‍സിനായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസ്‌ട്രേലിയ 444 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 234 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ALSO READ: ODI World Cup| സ്ഥലം അഹമ്മദാബാദ്, തിയതി ഒക്‌ടോബര്‍ 15: ഇന്ത്യ-പാക് പോര് മാത്രമല്ല, ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങളിങ്ങനെ...