ഓവല്‍ :ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആവേശകരമായ ഫിനിഷിലേക്ക് നീങ്ങുകയാണ്. മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ചരിത്രത്തിൽ ആദ്യമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നതിനായി ഏഴ് വിക്കറ്റ് ശേഷിക്കെ 280 റൺസാണ് ഇന്ത്യയ്‌ക്ക് വേണ്ടത്. എന്നാൽ, ഇന്ത്യയ്ക്ക് മുന്നില്‍ 444 റൺസിന്‍റെ ‘റെക്കോർഡ്’ വിജയലക്ഷ്യം ഉയര്‍ത്തിയ ഓസ്‌ട്രേലിയയാണ് ഡ്രൈവിങ് സീറ്റിൽ തുടരുന്നത്.
കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും കളിക്കളത്തില്‍ ബാറ്റും പന്തും തമ്മിലുള്ള പോരാട്ടത്തിലൂടെ മാത്രം ജേതാക്കളുടെ കാര്യത്തില്‍ തീരുമാനമാവുമെന്ന് തോന്നുന്നില്ല. കാരണം മത്സരം നടക്കുന്ന ലണ്ടനിലെ കെന്നിങ്‌ടണ്‍ ഓവലിലെ കാലാവസ്ഥ മത്സരത്തിന് തടസം സൃഷ്‌ടിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അക്യുവെതർ റിപ്പോര്‍ട്ട് പ്രകാരം കെന്നിങ്‌ടൺ ഓവലിൽ ഞായറാഴ്ച മഴ പെയ്യാൻ സാധ്യത തൊണ്ണൂറ് ശതമാനമാണ്.
ഉച്ച സമയത്താണ് മഴയ്ക്ക് സാധ്യത കൂടുതലുള്ളത്. വൈകുന്നേരവും രാത്രിയും മഴ കുറയുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇടിമിന്നലും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഞായറാഴ്‌ച നഗരത്തില്‍ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്.
മഴ പെയ്താൽ എന്ത് സംഭവിക്കും ? : ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരു റിസര്‍വ് ഡേ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം ദിനമായ ഇന്ന് ഏറെ സമയവും മഴയെടുത്താല്‍ മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റപ്പെടും. കൂടുതല്‍ സമയം മഴ പെയ്യാതിരിക്കുകയാണെങ്കില്‍, നഷ്‌ടപ്പെട്ട സമയത്തിന് പകരമുള്ള സമയം നല്‍കി മത്സരം ഇന്ന് തന്നെ പൂര്‍ത്തിയാക്കും.
ഉദാഹരണത്തിന്, മഴ കളിയുടെ ഒരു മണിക്കൂറിനെ മാത്രമേ ബാധിക്കുകയുള്ളൂവെങ്കിൽ, കളി പൂര്‍ത്തിക്കുന്നതിനായി ഇത്രയും സമയം ദീര്‍ഘിപ്പിച്ച് നല്‍കും. പക്ഷേ, മഴ ഒന്നിലധികം മണിക്കൂറുകള്‍ കളി തടസപ്പെടുത്തുന്ന സാഹചര്യത്തിൽ, മത്സരം റിസര്‍വ് ഡേയിലേക്ക് നീളും. മത്സരത്തിന്‍റെ റിസര്‍വ് ഡേയും മഴയെടുത്താല്‍ ഓസ്‌ട്രേലിയയെയും ഇന്ത്യയെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.