ഓവല്‍ :ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ ഇന്നറിയാം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 എന്ന വമ്പന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ മത്സരത്തിന്‍റെ നാലാം ദിനമായ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ്. വിരാട് കോലി (44) അജിങ്ക്യ രഹാനെ (20) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
മത്സരത്തിന്‍റെ അവസാന ദിനമായ ഇന്ന് വിജയത്തിനായി 97 ഓവറില്‍ 280 റണ്‍സാണ് ഇന്ത്യയ്‌ക്ക് വേണ്ടത്. മറുവശത്ത് ഇന്ത്യയുടെ ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയാല്‍ ഓസീസിന് ചാമ്പ്യന്മാരാവാം. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 469 റണ്‍സെടുത്ത് മറുപടിക്കിറങ്ങിയ ഇന്ത്യയെ 296 റണ്‍സിന് പുറത്താക്കി 173 റണ്‍സിന്‍റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സിന് ഡിക്ലയര്‍ ചെയ്‌താണ് 444 എന്ന ഹിമാലയന്‍ വിജയ ലക്ഷ്യം ഓസീസ് ഇന്ത്യയ്‌ക്ക് മുന്നില്‍ വച്ചത്.
പ്രതീക്ഷ കോലി-രഹാനെ സഖ്യത്തില്‍ :ടെസ്റ്റ് ചരിത്രത്തില്‍ മുമ്പൊരു ടീമിനും ഇത്രയും വലിയ വിജയ ലക്ഷ്യം പിന്തുടരാന്‍ സാധിച്ചിട്ടില്ല. ഇതോടെ മത്സരത്തിന്‍റെ അവസാന ദിനത്തില്‍ ഇന്ത്യയുടെ വിജയത്തിനായി അദ്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിലവില്‍ പുറത്താവാതെ നില്‍ക്കുന്ന വിരാട് കോലി - അജിങ്ക്യ രഹാനെ സഖ്യത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
ഇതേവരെ 71 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (43) , ശുഭ്‌മാന്‍ ഗില്‍ (18) , ചേതേശ്വര്‍ പുജാര (27) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് ഇന്നലെ നഷ്‌ടമായത്.