ഓവല്‍ : ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ. ഐസിസിയുടെ നാല് കിരീടങ്ങളും നേടുന്ന ആദ്യ ടീമെന്ന റെക്കോഡാണ് ഓസീസ് സ്വന്തമാക്കിയത്. നേരത്തെ തന്നെ ഏകദിന ലോകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ഓസീസിന്‍റെ ഷോക്കേസില്‍ ഇല്ലാതിരുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം മാത്രമായിരുന്നു.
ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം പതിപ്പില്‍ തന്നെ അത് നേടിയെടുത്താണ് കങ്കാരുക്കള്‍ റെക്കോഡിട്ടത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയത്. 2006, 2009 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ടീം തുടര്‍ന്ന് 2021-ലാണ് ടി20 ലോകകപ്പ് നേടുന്നത്.
ഇന്ത്യയ്‌ക്ക് കിട്ടാക്കനി :മറുവശത്ത് ഐസിസിയുടെ മറ്റ് മൂന്ന് കിരീടങ്ങളും നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയം ഇന്ത്യയ്‌ക്ക് കിട്ടാക്കനിയാണ്. കാരണം തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്. ടൂര്‍ണമെന്‍റിന്‍റെ പ്രഥമ പതിപ്പില്‍ വിരാട് കോലിക്ക് കീഴിലിറങ്ങിയ സംഘം ന്യൂസിലാന്‍ഡിനോടായിരുന്നു കീഴടങ്ങിയത്.
ഇത്തവണ ഓസീസിനെതിരെ നയിച്ചിരുന്നത് രോഹിത് ശര്‍മയാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇതോടെ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുമെന്നുറപ്പായി. 2013-ല്‍ എംസ് ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് ശേഷം ഒരൊറ്റ ഐസിസി കിരീടം നേടാന്‍ പോലും ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇനി ഈ വര്‍ഷം അവസാനത്തില്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും.