ബെംഗളൂരു : ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് വലിയ വിമര്‍ശനങ്ങളാണ് കെഎല്‍ രാഹുലിന് നേരിടേണ്ടിവന്നത്. വിമര്‍ശകരുടെ കൂട്ടത്തില്‍ കടുത്ത വാക്കുകളുമായി രംഗത്തുണ്ടായിരുന്ന ആളാണ് ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ രാഹുലിന് അവസരം ലഭിച്ചത് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഇഷ്‌ടക്കാരന്‍ എന്ന നിലയില്‍ ആയിരുന്നു എന്നായിരുന്നു പ്രസാദിന്‍റെ വിമര്‍ശനം.
കളിച്ച രണ്ട് മത്സരങ്ങളിലും താരം പരാജയപ്പെട്ടതോടെ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ടെസ്റ്റില്‍ ഇത്ര മോശമായി കളിച്ച മറ്റൊരു ഇന്ത്യന്‍ താരമുണ്ടാവില്ലെന്നും രാഹുലിനേക്കാള്‍ മികച്ച ഓപ്പണര്‍മാര്‍ ഇന്ത്യയ്‌ക്കുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രസാദ് തന്‍റെ വാക്കുകള്‍ കടുപ്പിക്കുകയും ചെയ്‌തിരുന്നു. ഇത്തരത്തില്‍ നിരവധി ട്വീറ്റുകളാണ് രാഹുലിനെതിരെ പ്രസാദ് നടത്തിയിരുന്നത്.
ഒടുവില്‍ രാഹുലിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ പേസര്‍ ആകാശ് ചോച്ര രംഗത്തെത്തുകയും പ്രസാദിന് എന്തെങ്കിലും അജണ്ടയുണ്ടെങ്കില്‍ അത് മാറ്റി വയ്‌ക്കണമെന്നും പറയുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്‌തു. എന്നാലിതാ ഒസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രാഹുലിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് വെങ്കടേഷ് പ്രസാദ്. രാഹുലിന്‍റേത് മികച്ച ഇന്നിങ്‌സായിരുന്നുവെന്ന് പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
''കടുത്ത സമ്മര്‍ദ സാഹചര്യത്തില്‍ സംയമനത്തോടെ ബാറ്റ് ചെയ്യാന്‍ രാഹുലിന് സാധിച്ചു. ഉജ്ജ്വല ഇന്നിങ്‌സായിരുന്നു താരത്തിന്‍റേത്''. 53കാരനായ പ്രസാദ് ട്വീറ്റ് ചെയ്‌തു. ഇന്ത്യയുടെ മികച്ച വിജയത്തില്‍ രവീന്ദ്ര ജഡേജയുടെ പിന്തുണ നിര്‍ണായകമായിരുന്നുവെന്നും ഈ ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.