ഇൻഡോർ : ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക്. ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ 88 റണ്‍സ് ലീഡ് പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം 163 റണ്‍സിന് ഓൾഔട്ട് ആയി. ഇതോടെ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 75 റണ്‍സായി. എട്ട് വിക്കറ്റ് നേടിയ നഥാൻ ലിയോണാണ് ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടിക്കൂട്ടിയത്. ഇന്ത്യൻ നിരയിൽ അർധ സെഞ്ച്വറി നേടിയ ചേതേശ്വർ പുജാരയ്‌ക്ക് മാത്രമാണ് അൽപ സമയമെങ്കിലും പിടിച്ചുനിൽക്കാനായത്.
ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ 197 റണ്‍സിന് ഓൾഔട്ടാക്കാൻ കഴിഞ്ഞതിന്‍റെ ആത്‌മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ നാലാം ഓവറിൽ തന്നെ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ ബൗൾഡാക്കി നഥാൻ ലിയോണ്‍ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചു. പിന്നാലെ നായകൻ രോഹിത് ശർമയെയും(13) ലിയോണ്‍ മടക്കി അയച്ചു. ഇതോടെ 2 വിക്കറ്റ് നഷ്‌ടത്തിൽ 32 എന്ന നിലയിലായി ഇന്ത്യ.
പിന്നാലെയെത്തിയ വിരാട് കോലി രണ്ട് ഫോറുകളോടെ ഫോമിലേക്കുയരുന്നതിന്‍റെ സൂചനകൾ നൽകിയെങ്കിലും സ്‌പിന്നർ മാത്യു കുഹ്‌നെമാൻ താരത്തെ മടക്കി അയച്ചു. 13 റണ്‍സായിരുന്നു പുറത്താകുമ്പോൾ കോലിയുടെ സമ്പാദ്യം. പിന്നാലെയെത്തിയ രവീന്ദ്ര ജഡേജയും(7) ലിയോണിന്‍റെ പന്തിന് മുന്നിൽ വീണു. തുടർന്നെത്തിയ ശ്രേയസ് അയ്യർ ചേതേശ്വർ പുജാരയ്‌ക്ക് മികച്ച പിന്തുണ നൽകി സ്‌കോർ ഉയർത്തി.
ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ ഏകദിന ശൈലിയിൽ ബാറ്റ് വീശുകയായിരുന്ന അയ്യരെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 27 പന്തിൽ 2 സിക്‌സും 3 ഫോറും ഉൾപ്പടെ 26 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ ശ്രീകർ ഭരതിനെ(3) നിലയുറപ്പിക്കും മുന്നേതന്നെ ലിയോണ്‍ തിരികെ കയറ്റി.