വിശാഖപട്ടണം:ടി20യിലെ പുലിയാണെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ ഇതേവരെ കാര്യമായ പ്രകടനം നടത്താന്‍ ഇന്ത്യയുടെ സ്‌റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തിലും ഗോൾഡൻ ഡക്കായാണ് സൂര്യകുമാര്‍ തിരിച്ച് കയറിയത്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു സൂര്യകുമാര്‍ പുറത്തായത്.
ഓസീസ് പേസറുടെ ഇൻസ്വിങ്ങറില്‍ ഡ്രൈവ് ഷോട്ട് കളിക്കാനുള്ള ശ്രമം പരാജപ്പെട്ടതോടെ സൂര്യയുടെ പാഡില്‍ പന്തിടിച്ചു. സ്റ്റാര്‍ക്കിന്‍റെ അപ്പീലിന് കൂടുതല്‍ ആലോചിക്കാതെ തന്നെ അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
നാലാം നമ്പറില്‍ ക്രീസിലെത്തിയ 32കാരന് വെറും ഒരു പന്ത് മാത്രമായിരുന്നു ആയുസ്. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തിലും സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഏറെക്കുറെ സമാനമായ രീതിയിലായിരുന്നു സൂര്യ വിക്കറ്റായത്. ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും ഏകദിനത്തില്‍ സൂര്യയ്‌ക്ക് ഇതേവരെ മിന്നാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഏകദിനത്തിലെ 20 ഇന്നിങ്‌സിന് ശേഷം 25.47 ശരാശരിയിൽ 433 റൺസാണ് സൂര്യകുമാർ നേടിയത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് താരത്തിന്‍റെ പട്ടികയിലുള്ളത്. അവസാന പത്ത് ഇന്നിങ്‌സുകളിലാവട്ടെ ഒരിക്കല്‍ മാത്രമാണ് താരത്തിന് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്.
സഞ്‌ജുവിനായി വീണ്ടും ആരാധകര്‍:വിശാഖപട്ടണത്തും സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ മിഡില്‍ ഓര്‍ഡറില്‍ സഞ്‌ജു സാംസണ് അവസരം നല്‍കണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായിട്ടും സഞ്‌ജുവിനെ പരിഗണിക്കാതിരുന്നത് ഈ വിമര്‍ശനങ്ങള്‍ കനം വയ്‌പ്പിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സഞ്‌ജുവിനെ കളിപ്പിക്കാത്തതെന്നാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പ്രതികരിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ സഞ്‌ജുവിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഈ പരിക്കില്‍ നിന്നും മുക്തനായി പൂര്‍ണമായി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ 28കാരനായ സഞ്‌ജു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൂര്‍ണ ഫിറ്റ്‌നസില്ലാതെ ടീലേക്ക് മടങ്ങിയെത്തിയ ജസ്‌പ്രീത് ബുംറ, ദീപക് ചഹാര്‍ എന്നിവര്‍ പരിക്ക് വഷളായതോടെ കഴിഞ്ഞ ആറ് മാസക്കാലമായി കളിക്കളത്തിന് പുറത്താണ്. ഈ സാഹചര്യത്തില്‍ പൂര്‍ണ ഫിറ്റ്‌നസുണ്ടെങ്കില്‍ മാത്രം സഞ്ജുവിനെ കളിപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് ബിസിസിഐ. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഏറെക്കുറെ സമാന രീതിയിലാണ് ബിസിസിഐ ടീമിലേക്ക് തിരികെ എത്തിച്ചത്.
കഴിഞ്ഞ ഏഷ്യ കപ്പിനിടെ കാലിന് പരിക്കേറ്റ താരം ഓസീസിനെതിരെ അവസാനിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് മടങ്ങിയെത്തിയത്. പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയപ്പോഴും ഫിറ്റ്‌നസുണ്ടെങ്കില്‍ മാത്രമേ ജഡേജയെ കളിപ്പിക്കൂവെന്ന് സെലക്‌ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഓസീസിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നെ സഞ്‌ജുവിന് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരികെയെത്താന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ALSO READ:സൂര്യയോ, ബട്‌ലറോ അല്ല; ടി20യിലെ തന്‍റെ വമ്പന്‍ റെക്കോഡ് പൊളിക്കുക ഈ 30കാരനെന്ന് ക്രിസ് ഗെയ്‌ൽ