ഇന്‍ഡോര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന ഇന്‍ഡോറിലെ പിച്ചിന് ഡീമെറിറ്റ് പോയിന്‍റ് വിധിച്ച ഐസിസി നടപടിക്കെതിരെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. മൂന്നാം ദിനത്തില്‍ അവസാനിച്ച മത്സരത്തില്‍ ബാറ്റിങ് പ്രയാസകമായിരുന്നുവെന്ന് സമ്മതിച്ച ഗവാസ്‌കര്‍ ഡീമെറിറ്റ് പോയിന്‍റ് നല്‍കാന്‍ മാത്രം പിച്ച് മോശമായിരുന്നില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ ഗാബയിലെ നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം വെറും രണ്ട് ദിവങ്ങള്‍ കൊണ്ടാണ് അവസാനിച്ചതെന്നും, ബാറ്റര്‍മാരുടെ ജീവന് പോലും ഭീഷണിയുണ്ടായിരുന്ന പിച്ചിന് എത്ര ഡീമെറിറ്റ് പോയിന്‍റാണ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
"എനിക്ക് കൃത്യമായ വിവരങ്ങളില്ല. പക്ഷേ, നവംബർ-ഡിസംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഗാബയിൽ നടന്ന ടെസ്റ്റ് മത്സരം രണ്ട് ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. പന്ത് കുത്തിപ്പറക്കുകയായിരുന്നു.
പേസര്‍മാര്‍ ഏറെ അപകടകാരികളായി മാറി. ബാറ്റര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുമായിരുന്ന സാഹചര്യമായിരുന്നുവത്. ആ പിച്ചിൽ ബാറ്റുചെയ്യുന്ന താരത്തിന്‍റെ ജീവനും കൈകാലുകൾക്കും ഭീഷണിയുണ്ടായിരുന്നു.
ആ പിച്ചിന് എത്ര ഡീമെറിറ്റ് പോയിന്‍റുകൾ ലഭിച്ചുവെന്നും മാച്ച് റഫറി ആരാണെന്നും എനിക്കറിയില്ല. എന്നാൽ ഡീമെറിറ്റ് പോയിന്‍റുകൾ എങ്ങനെ നൽകപ്പെടുന്നു എന്നതിന് ഒരുതരം തുല്യത ആവശ്യമാണെന്ന് ഞാൻ കരുതുന്നു." ഗവാസ്‌കര്‍ പറഞ്ഞു.
"പിച്ചില്‍ ബാറ്റിങ് എളുപ്പമായിരുന്നില്ലെന്ന് സ്‌കോര്‍ കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. എന്നാല്‍ ഈ ചെറിയ കാരണത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്‍റ് നല്‍കുന്നത് പരുഷമായകാര്യമാണ്.
ബാറ്റിങ്ങിന് അത്രയും കഠിനമായ പിച്ചായിരുന്നുവെങ്കില്‍, ഉസ്‌മാൻ ഖവാജയും മർനസ് ലാബുഷെയ്‌നും തമ്മിലുള്ള തൊണ്ണൂറ് റണ്‍സില്‍ അധികം നീണ്ടു നിന്ന കൂട്ടുകെട്ട് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. പിച്ച് അത്ര അസാധ്യമായിരുന്നെങ്കിൽ മൂന്നാം ദിനത്തിൽ നിങ്ങൾക്ക് 77 റൺസ് കൂട്ടുകെട്ട് ഉണ്ടാകുമായിരുന്നില്ല" ഗവാസ്‌കര്‍ പറഞ്ഞു.