സിഡ്‌നി : ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരങ്ങളിലും ഓസ്‌ട്രേലിയന്‍ ടീമിനെ സ്‌റ്റീവ് സ്‌മിത്ത് നയിക്കും. അമ്മ മരണപ്പെട്ടതോടെ സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് നാട്ടില്‍ തുടരുന്ന സാഹചര്യത്തിലാണ് സ്‌മിത്തിന് ചുമതല നല്‍കിയിരിക്കുന്നത്. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ശേഷം രോഗബാധിതയായ അമ്മയെ കാണാന്‍ സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് തിരിച്ച് പോയിരുന്നു.
തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കമ്മിന്‍സിന്‍റെ അമ്മ മരിയ കമ്മിന്‍സ് മരണപ്പെടുന്നത്. ഏറെ നാളായി സ്‌തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. കുടുംബത്തോടൊപ്പം കഴിയുന്നതിനായാണ് കമ്മിന്‍സ് ഓസ്‌ട്രേലിയയില്‍ തുടരുന്നതെന്ന് ടീമിന്‍റെ മുഖ്യപരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
ദുഃഖകരമായ സാഹചര്യങ്ങളിലൂടെ കടുന്നുപോകുന്ന പാറ്റ് കമ്മിന്‍സിനും കുടുംബത്തിനും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആരോണ്‍ ഫിഞ്ചില്‍ നിന്നാണ് 29കാരനായ കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. എന്നാല്‍ ഇതേവരെ രണ്ട് ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കമ്മിന്‍സിന് ഓസീസിനെ നയിക്കാന്‍ കഴിഞ്ഞത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ കമ്മിന്‍സിന്‍റെ പകരക്കാരനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വാര്‍ണര്‍ പരിശീലനം ആരംഭിച്ചു :ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെന്നും ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് അറിയിച്ചു. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ഡല്‍ഹി ടെസ്റ്റിനിടെ പരിക്കേറ്റ വാര്‍ണര്‍ക്ക് അവസാന രണ്ട് മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. ഡല്‍ഹിയില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ഏറുകൊണ്ടാണ് വാര്‍ണര്‍ക്ക് പരിക്ക് പറ്റുന്നത്.
ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ കണ്‍കഷന്‍ സബ്‌സ്‌റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോയാണ് എത്തിയത്. അതേസമയം പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസൽവുഡ് ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്ക് എതിരെ ഏകദിന പരമ്പരയ്‌ക്കും ഇറങ്ങുന്നത്.