ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് രോഹിത് ശർമ്മയും വിരാട് കോലിയും. തങ്ങളുടെ മിന്നും പ്രകടനം കൊണ്ട് ഇന്ത്യയ്‌ക്കായി ഇരുതാരങ്ങളും നിരവധി അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പയിലാണ് നിലവില്‍ ഇരുവരും കളിക്കുന്നത്.
മൂന്ന് മത്സര പരമ്പരയിലെ കളിച്ച രണ്ട് മത്സങ്ങളിലും കാര്യമായ പ്രകനടനം നടത്താന്‍ കോലിക്കും രോഹിത്തിനും കഴിഞ്ഞിട്ടില്ല. ഇന്ന് പരമ്പരയിലെ അവസാന മത്സരത്തില്‍ ചെപ്പോക്കില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേരെത്തുമ്പോള്‍ രോഹിത്തിന്‍റേയും കോലിയുടേയും ബാറ്റില്‍ ഇന്ത്യയ്‌ക്ക് വലിയ പ്രതീക്ഷയാണുള്ളത്. കളിച്ച രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം വീതം നേടിയതോടെ ചെപ്പോക്കില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
എന്നാല്‍ ഇതിനപ്പുറം സഖ്യമെന്ന നിലയില്‍ ഒരു ചരിത്ര നാഴികകല്ലിന് ഏറെ അടുത്താണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാര്‍. അന്താരാഷ്‌ട്ര ഏകദിനത്തില്‍ ഒരു സഖ്യമെന്ന നിലയില്‍ 5000 റൺസിലേക്ക് വെറും രണ്ട് റൺസ് മാത്രം അകലെയാണ് രോഹിത്തും കോലിയും. നിലവിൽ ഏകദിന ക്രിക്കറ്റിൽ 4998 റൺസാണ് രോഹിതും കോലിയും ചേർന്ന് നേടിയത്.
ചെന്നൈയില്‍ രണ്ട് റൺസ് കൂടി ചേർത്താൽ, ഫോർമാറ്റിൽ ഏറ്റവും വേഗത്തില്‍ 5000 റൺസ് തികയ്ക്കുന്ന സഖ്യമെന്ന ലോക റെക്കോഡും രോഹിത്തിനും കോലിക്കും സ്വന്തമാവും. ഏകദിനത്തിൽ 85 ഇന്നിങ്‌സുകളില്‍ 62.47 ശരാശരിയിലാണ് ഇരുവരും ഇതേവരെ 4998 റൺസ് ചേര്‍ത്തത്.
ഇത്രയും റണ്‍സ് ചേര്‍ക്കുന്നതിനായി മൊത്തം 18 സെഞ്ചുറികളും 15 അർധ സെഞ്ചുറികളുമാണ് താരങ്ങള്‍ നേടിയിട്ടുള്ളത്. 97 ഇന്നിങ്‌സുകളില്‍ ഈ നാഴികക്കല്ലിലെത്തിയ വെസ്റ്റ് ഇൻഡീസിന്‍റെ ഗോർഡൻ ഗ്രീനിഡ്‌ജിന്‍റെയും ഡെസ്മണ്ട് ഹെയ്‌നസിന്‍റെയും പേരിലാണ് നിലവിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് നേടിയ സഖ്യമെന്ന റെക്കോഡുള്ളത്.
ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്‌ഡൻ-ആദം ഗിൽക്രിസ്റ്റ് സഖ്യമാണ് രണ്ടാം സ്ഥാനത്ത്. 104 ഇന്നിങ്‌സുകളാണ് ഇത്രയും റണ്‍സ് നേടാന്‍ ഇരുവര്‍ക്കും വേണ്ടി വന്നത്. ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷൻ-കുമാർ സംഗക്കാര എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നിൽ. 105 ഇന്നിങ്‌സുകളില്‍ നിന്നാണ് സഖ്യം 5000 റണ്‍സിലെത്തിയത്.
ഏകദിനത്തിൽ 4000-ത്തിലധികം റൺസ് നേടിയ ജോഡികളുടെ കാര്യത്തിൽ, 60-ൽ കൂടുതൽ ശരാശരി രോഹിത്തിനും കോലിക്കും മാത്രമാണുള്ളത്. മൊത്തത്തിലുള്ള കണക്കെടുക്കുമ്പോൾ, ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ജോഡികളുടെ കാര്യത്തിൽ കോലിയും രോഹിത്തും എട്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമാണ് പട്ടികയില്‍ മുന്നിലുള്ളത്. ഇരുവരും ചേര്‍ന്ന് 8227 റൺസാണ് നേടിയിട്ടുള്ളത്.
അതേസമയം ചെപ്പോക്കില്‍ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. 2019ന് ശേഷം ആദ്യമായാണ് ഇവിടെ വീണ്ടുമൊരു ഏകദിന മത്സരം നടക്കുന്നത്. കൂടാതെ 2017ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ഇവിടെ കളിക്കാന്‍ ഇറങ്ങുന്നത്. ഒരിക്കല്‍ പേസര്‍മാരെ പിന്തുണച്ചിരുന്നതായിരുന്നു ചെപ്പോക്കിലെ പിച്ച്. എന്നാല്‍ വേഗത കുറഞ്ഞ നിലവിലെ പിച്ച് സ്‌പിന്നർമാര്‍ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.
ALSO READ:'ഇനിയും അതു ചെയ്‌താല്‍ ബാറ്റുകൊണ്ടടിക്കും'; സച്ചിന്‍റെ 'ഭീഷണി' ഓര്‍ത്തെടുത്ത് വിരേന്ദർ സെവാഗ്