മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടി20യിലെ തോല്‍വിയില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബോളിങ് യൂണിറ്റിന്‍റെ മോശം പ്രകടനമാണ് ടീമിന്‍റെ തോല്‍വിക്ക് കാരണമെന്ന് രോഹിത് പറഞ്ഞു. മത്സരത്തിന്‍റെ ഫലത്തില്‍ മഞ്ഞ് നിര്‍ണായകമായിരുന്നില്ലെന്നും രോഹിത് വ്യക്തമാക്കി.
"ഞങ്ങള്‍ നന്നായി പന്തെറിഞ്ഞുവെന്ന് എനിക്ക് തോന്നുന്നില്ല. 200 റണ്‍സ് എന്നത് പ്രതിരോധിക്കാന്‍ കഴിയുന്ന മികച്ച ടോട്ടലാണ്. ഫീല്‍ഡിങിനിടെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ പാഴാക്കപ്പെട്ടു.
ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ബോളര്‍മാര്‍ ഗ്രൗണ്ടിലുണ്ടായിരുന്നില്ല. എന്താണ് തെറ്റ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഇതൊരു മികച്ച മത്സരമായിരുന്നു. ഇനിയും ഏറെ മുന്നേറാനുണ്ട്.
ഉയർന്ന സ്‌കോറുകള്‍ പിറക്കുന്ന ഗ്രൗണ്ടാണിതെന്ന് നമുക്കറിയാം. ഇവിടെ 200 റണ്‍സ് ലഭിച്ചാലും സുരക്ഷിതമല്ല. ഞങ്ങൾ ഒരു പരിധി വരെ വിക്കറ്റുകൾ നേടി, പക്ഷേ അവർ നന്നായി കളിച്ചു," രോഹിത് പറഞ്ഞു.
രണ്ടാം ടി20ക്ക് മുമ്പ് ബോളിങ് യൂണിറ്റിലെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു. "അവസാന നാലോവറില്‍ 60 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് ബോളിങ് ടീമിന് മുന്‍ തൂക്കമുണ്ട്. എന്നാല്‍ ഓസീസിന്‍റെ ഒരു വിക്കറ്റ് കൂടി വീഴ്‌ത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു.
മത്സരത്തിലെ ടേണിങ് പോയിന്‍റ് അതായിരുന്നു. ആ ഒരു വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നാകുമായിരുന്നു. അടുത്ത മത്സരത്തിന് മുമ്പ് ബോളിങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്," രോഹിത് വ്യക്തമാക്കി.
മികച്ച പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ രോഹിത് പ്രശംസിക്കുകയും ചെയ്‌തു. ഹാര്‍ദിക് മനോഹരമായാണ് ബാറ്റ് ചെയ്‌തതെന്ന് രോഹിത് പറഞ്ഞു. മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.
നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 208 റണ്‍സാണ് ഇന്ത്യ നേടിയത്. 30 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു.
Also Read:IND VS AUS | അപ്പീല്‍ ചെയ്‌തില്ല, കാര്‍ത്തികിന്‍റെ കഴുത്തിന് പിടിച്ച് രോഹിത്-വീഡിയോ കാണാം