ഓവല്‍ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മത്സരത്തിലെ വഴിത്തിരിവ് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സ്റ്റീവ് സ്‌മിത്തിനും ട്രാവിസ് ഹെഡിനുമെതിരെ ബോളർമാർക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും അത് ഫലവത്തായില്ല. മത്സരത്തില്‍ അത് വഴിത്തിരിവായി മാറിയെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിരയ്‌ക്ക് ഓവലില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നും രോഹിത് വിമര്‍ശിച്ചു.
തുടക്കം മികച്ചത് :"തീര്‍ച്ചയായും പ്രയാസമേറിയ ഒരു മത്സരമായിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഞങ്ങള്‍ നന്നായാണ് തുടങ്ങിയത്. ആദ്യ സെഷനിൽ ഞങ്ങൾ നല്ല രീതിയില്‍ പന്തെറിയുകയും ചെയ്‌തു.
പിന്നെ ആ മികവ് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നത് സത്യമാണ്. അതിന്‍റെ ക്രെഡിറ്റ് ഓസീസ് ബാറ്റര്‍മാര്‍ക്കാണ്. പ്രത്യേകിച്ച്, ട്രാവിസ് ഹെഡ് മികച്ച രീതിയിലാണ് കളിച്ചത്.
ആ പ്രകടനമാണ് ഞങ്ങളെ ഒരല്‍പ്പം പിന്നോട്ടാക്കിയത്. തിരിച്ചുവരവ് എപ്പോഴും ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ നന്നായി പൊരുതി" - രോഹിത് പറഞ്ഞു.
ഇതായിരുന്നു പദ്ധതി :"ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. ടൈറ്റര്‍ ലൈനില്‍ പന്തെറിയുന്നതിനായിരുന്നു പദ്ധതി. പക്ഷേ, അത് ഫലവത്തായില്ല. അത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കാം. ഓസ്‌ട്രേലിയക്ക് എല്ലാവിധ അഭിനന്ദനങ്ങളും" - മത്സരത്തിന് ശേഷം രോഹിത് ശര്‍മ പറഞ്ഞു.
രഹാനെയ്‌ക്കും ശാര്‍ദുലിനും അഭിനന്ദനം:ഒന്നാം ഇന്നിങ്‌സില്‍ അജിങ്ക്യ രഹാനെയും ശാര്‍ദുല്‍ താക്കൂറും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് തങ്ങളെ മത്സരത്തില്‍ നിലനിര്‍ത്തിയതെന്നും രോഹിത് പറഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ നന്നായി ബോള്‍ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും ബാറ്റര്‍മാര്‍ പരാജയപ്പെട്ടുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.