അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയിരുന്നു. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ വിജയമായിരുന്നു ഓസ്‌ട്രേലിയ നേടിയത്. ഓസീസ് സ്‌പിന്നര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടി ഇല്ലാതെയാവുകയായിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയെ താരങ്ങളെ കടത്ത ഭാഷയിലായിരുന്നു മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്‌ത്രി വിമര്‍ശിച്ചത്. അമിത ആത്മവിശ്വാസമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നായിരുന്നു ശാസ്‌ത്രിയുടെ വാക്കുകള്‍. കാര്യങ്ങള്‍ നിസാരമായി കാണുന്നത് അസംതൃപ്തിയുള്ള കാര്യമാണ്.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ച ഷോട്ടുകള്‍ സാഹചര്യങ്ങള്‍ക്ക് യോജിക്കാത്തതായിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമാക്കാനും ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയാണ് കളിക്കാരെ അതിന് പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ടീം കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു രവി ശാസ്‌ത്രി പറഞ്ഞത്.
ശാസ്‌ത്രിയുടെ ഈ വിമര്‍ശനത്തിന് കടുത്ത ഭാഷയില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ശാസ്‌ത്രിയുടെ വാക്കുകള്‍ അസംബന്ധമാണെന്നാണ് രോഹിത് പറഞ്ഞത്. അഹമ്മദാബാദിലെ നാലാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് രോഹിത്തിന്‍റെ പ്രതികരണം.
2014 തൊട്ട് ഏഴ് വര്‍ഷക്കാലം ഇന്ത്യയുടെ പരിശീലകനായിരുന്ന രവി ശാസ്‌ത്രിയെ പുറത്ത് നിന്നുള്ള ആളെന്ന് രോഹിത് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. "സത്യസന്ധമായി പറഞ്ഞാൽ, രണ്ട് മത്സരങ്ങൾ ജയിച്ചതിന് ശേഷം, ഞങ്ങള്‍ക്ക് അമിത ആത്മവിശ്വാസമായെന്ന് പുറത്തുള്ള ആളുകള്‍ക്ക് തോന്നുന്നത് തീര്‍ത്തും അസംബന്ധമാണ്. കാരണം നാല് മത്സര പരമ്പരയില്‍ കഴിവിന്‍റെ പരമാവധി ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്". രോഹിത് ശര്‍മ പറഞ്ഞു.