മൊഹാലി: മൊഹാലിയിലെ കഴിഞ്ഞ രാത്രി ഇന്ത്യന്‍ ടീം മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാവും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിൽ വമ്പന്‍ ലക്ഷ്യമുയര്‍ത്തിയിട്ടും നാല് വിക്കറ്റിന്‍റെ തോല്‍വിയാണ് സംഘത്തിന് നേരിടേണ്ടി വന്നത്. ബാറ്റിങ് യൂണിറ്റ് മിന്നിയപ്പോള്‍ ബോളര്‍മാര്‍ ചെണ്ടയായതാണ് ഇന്ത്യയ്‌ക്ക് വിനയായത്.
ഓസീസ് ഇന്നിങ്‌സിനിടെ കളിക്കളത്തിലുണ്ടായ രസകരമായ ഒരു സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 11.2 ഓവറിൽ 122/2 എന്ന നിലയിൽ എത്തിയിരുന്നു. ഉമേഷ് യാദവാണ് 12-ാം ഓവര്‍ എറിഞ്ഞിരുന്നത്.
സ്‌റ്റീവ് സ്‌മിത്തിനേയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനേയും ഈ ഓവറില്‍ ഉമേഷ് യാദവ് പുറത്താക്കിയിരുന്നു. ഇരുവരേയും വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക് പിടികൂടിയെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചിരുന്നില്ല. തുടര്‍ന്ന് ഡിആര്‍എസിലൂടെയായിരുന്നു വിക്കറ്റ്.
ആദ്യം സ്‌മിത്തിനെയാണ് ഉമേഷ് പുറത്താക്കിയത്. തുടര്‍ന്ന് ഗ്ലെൻ മാക്‌സ്‌വെലും കാർത്തികിന് ഒരു എഡ്‌ജ് നൽകി. അമ്പയര്‍ ഔട്ട് നല്‍കാതിരുന്നതോടെ കാര്‍ത്തിക് റിവ്യൂ അപ്പീല്‍ ചെയ്‌തിരുന്നില്ല. ഇതേ തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തമാശയ്‌ക്ക് താരത്തിന്‍റെ കഴുത്തിന് പിടിക്കുകയായിരുന്നു.
Also Read:IND VS AUS | കാമറൂണ്‍ ഗ്രീനും വെയ്‌ഡും തിളങ്ങി; ആദ്യ ടി20യില്‍ ഓസീസിന് നാല് വിക്കറ്റ് ജയം
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 208 റണ്‍സാണ് നേടിയിരുന്നത്. 30 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ വമ്പന്‍ ടോട്ടലിലേക്ക് നയിച്ചത്. കെഎൽ രാഹുൽ (55), സൂര്യകുമാർ യാദവ് (46) എന്നിവരും തിളങ്ങി.
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 30 പന്തിൽ 61 റൺസെടുത്ത കാമറൂൺ ഗ്രീനാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. 21 പന്തില്‍ പുറത്താകാതെ 45 റൺസ് നേടിയ മാത്യു വെയ്‌ഡിന്‍റെ പ്രകടനം നിര്‍ണായകമായി.