കേരളം

kerala

ETV Bharat / sports

IND vs AUS : നാഗ്‌പൂരില്‍ ഇന്ന് മൂന്നാം ദിനം; ലീഡുയര്‍ത്തി കളി പിടിക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഓസീസ് - ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി

നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനമായ ഇന്ന് ആതിഥേയരായ ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിക്കും. അര്‍ധ സെഞ്ചുറി പിന്നിട്ട് രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ഇരുവര്‍ക്കും ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും.

India vs Australia 1st Test Day 3 Updates  IND vs AUS  Ravindra Jadeja  Axar Patel  India vs Australia  ഇന്ത്യ vs ഓസ്‌ട്രേലിയ  രവീന്ദ്ര ജഡേജ  അക്‌സര്‍ പട്ടേല്‍  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy
ലീഡുയര്‍ത്തി കളി പിടിക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഓസീസ്

By

Published : Feb 11, 2023, 10:03 AM IST

നാഗ്‌പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനമായ ഇന്ന് ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിക്കുന്ന ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത് വമ്പന്‍ ലീഡ്. ഓസീസിന്‍റെ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 321 റണ്‍സ് എന്ന നിലയിലായിരുന്നു. നിലവില്‍ സന്ദര്‍ശകരേക്കാള്‍ 144 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യയ്‌ക്കുള്ളത്.

അര്‍ധ സെഞ്ചുറി പിന്നിട്ട് രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലുമാണ് പുറത്താവാതെ നില്‍ക്കുന്നത്. സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഇരുവര്‍ക്കും ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും. മറുവശത്ത് വലിയ തിരിച്ചുവരവാണ് ഓസീസിന്‍റെ മനസില്‍.

സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് രണ്ടാം ദിനം ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ലായത്. 212 പന്തില്‍ 120 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഓസീസിന്‍റെ അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിയുടെ പ്രകടനമാണ് ഇന്ത്യയുടെ മറ്റ് മുന്‍നിര ബാറ്റര്‍മാരെ പിടിച്ച് നിര്‍ത്തിയത്.

ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 77 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനമായ ഇന്നലെ ബാറ്റിങ്‌ പുനരാരംഭിച്ചത്. നൈറ്റ് വാച്ച്‌മാന്‍ ആര്‍ അശ്വിന്‍റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്‌ടമായത്. ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നതിന് പിന്നാലെ 41ാം ഓവറിന്‍റ ആദ്യ പന്തില്‍ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മര്‍ഫിയാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്.

62 പന്തില്‍ 23 റണ്‍സാണ് അശ്വിന്‍ നേടിയത്. പിന്നീടെത്തിയ ചേതേശ്വര്‍ പുജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ നിരാശപ്പെടുത്തി. 14 പന്തില്‍ ഏഴ്‌ റണ്‍സെടുത്ത പുജാരയെ മര്‍ഫിയുടെ പന്തില്‍ സ്‌കോട്ട് ബൊലാന്‍ഡ് പിടികൂടുകയായിരുന്നു.

തുടക്കത്തില്‍ പ്രയാസപ്പെട്ട കോലി മികച്ച ടച്ചിലെന്ന് തോന്നിച്ചെങ്കിലും മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ഫ്‌ളിക്ക് ഷോട്ടിനായുള്ള കോലിയുടെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്. 26 പന്തില്‍ 12 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്.

ആദ്യ ടെസ്റ്റിനിറങ്ങിയ സൂര്യകുമാര്‍ യാദവിനും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 20 പന്തില്‍ എട്ട് റണ്‍സെടുത്ത സൂര്യകുമാറിനെ നഥാന്‍ ലിയോണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച രോഹിത് ഇന്ത്യയെ 200 കടത്തി.

അധികം വൈകാതെ രോഹിത്തിനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മടക്കി. 15 ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്‌സ്. പിന്നാലെ എത്തിയ ഇന്ത്യയുടെ മറ്റൊരു അരങ്ങേറ്റക്കാരന്‍ ശ്രീകർ ഭരത്തിനും അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തുകളില്‍ എട്ട് റണ്‍സെടുത്ത ഭരത്തിനെ മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ഈ സമയം 83.1 ഓവറില്‍ ഏഴ്‌ വിക്കറ്റിന് 240 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച ജഡേയും അക്‌സറും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ പിരിയാതെ 81 റണ്‍സാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. ഇരുവരുടേയും ഇന്നത്തെ പ്രകടനം ഇന്ത്യയ്‌ക്ക് ഉര്‍ജമാകും.

ALSO READ:'അത് പ്രത്യേകതയുള്ള ഇന്നിങ്‌സ്'; രോഹിത് ശർമയുടെ സെഞ്ച്വറിയെ പ്രശംസിച്ച് വിക്രം റാത്തോർ

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ):രോഹിത് ശർമ(ക്യാപ്‌റ്റന്‍), കെ എൽ രാഹുൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രീകർ ഭരത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്‌സര്‍ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ (പ്ലേയിങ്‌ ഇലവൻ): ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോമ്പ്, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്(ക്യാപ്‌റ്റന്‍), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോലാന്‍ഡ്.

ABOUT THE AUTHOR

...view details