അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലൂടെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത് അരങ്ങേറ്റം നടത്തിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ നാലാം ടെസ്റ്റില്‍ താരത്തിന് പകരം ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള മാനേജ്‌മെന്‍റിന്‍റെ പിന്തുണ ലഭിച്ചതോടെയാണ് ഭരത് ടീമില്‍ തന്‍റെ സ്ഥാനം നിലനിര്‍ത്തിയത്.
ഒടുവിലിതാ അഹമ്മദാബാദില്‍ നിര്‍ണായക ഇന്നിങ്‌സുമായി വിമർശകർക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ആറാം നമ്പറില്‍ ക്രീസിലെത്തി ഭരത് 88 പന്തില്‍ 44 റണ്‍സെടുത്താണ് പുറത്തായത്. മടങ്ങും മുമ്പ് ഓസ്‌ട്രേലിയയുടെ പേസ് ഓള്‍റൗണ്ടർ കാമറൂണ്‍ ഗ്രീനിനെ പഞ്ഞിക്കിട്ട ഭരത് ആരാധകരെ ത്രസിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 134-ാം ഓവറിലായിരുന്നു ഭരത് ഗ്രീനിനെതിരെ കത്തിക്കയറിയത്.
ഗ്രീന്‍ പന്തെറിയാനെത്തുമ്പോള്‍ കോലിയായിരുന്നു സ്‌ട്രൈക്കിലുണ്ടായിരുന്നത്. ആദ്യ പന്തില്‍ റണ്‍സ് എടുക്കാന്‍ കഴിയാതിരുന്ന കോലി രണ്ടാം പന്തില്‍ സിംഗിളെടുത്ത് ഭരത്തിന് സ്‌ട്രൈക്ക് കൈമാറി. ഭരത്തിന്‍റെ തലയെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഗ്രീനിന്‍റെ മൂന്നാം പന്ത്.
എന്നാല്‍ ഒരു ഗംഭീര പുള്‍ ഷോട്ടിലൂടെ ഭരത് മറുപടി നല്‍കിയപ്പോള്‍ പന്ത് ഗ്യാലറിയിലേക്ക് പറുന്നു. തൊട്ടടുത്ത പന്തിലും ഏതാണ്ട് സമാനമായ രീതിയിലാണ് ലോങ് ലെഗിലേക്ക് ഭരത് സിക്‌സ് നേടിയത്. ഗ്രീനിന്‍റെ അഞ്ചാം പന്തും ഭരത് അതിര്‍ത്തിയിലേക്കെത്തിച്ചു.
ഈ പന്തും തൊട്ടടുത്ത പന്തും ഗ്രീന്‍ ഏറിഞ്ഞത് നോബോളായിരുന്നു. ഇതടക്കം ഈ ഓവറില്‍ കാമറൂണ്‍ ഗ്രീന്‍ ആകെ വഴങ്ങിയത് 21 റണ്‍സാണ്. പക്ഷെ മൂന്ന് ഓവറുകള്‍ക്കപ്പുറം സ്‌പിന്നർ നഥാന്‍ ലിയോണിന് മൂന്നില്‍ വീണതോടെ കന്നി അര്‍ധ സെഞ്ചുറിയെന്ന താരത്തിന്‍റെ മോഹം അവസാനിക്കുകയിരുന്നു. വിരാട് കോലിക്കൊപ്പം നിര്‍ണായമായ 84 റണ്‍സ് ഇന്ത്യയുടെ ടോട്ടലില്‍ ചേര്‍ത്തതിന് ശേഷമായിരുന്നു ഭരത്തിന്‍റെ മടക്കം.