ബ്രിസ്ബേന്‍: ടി20 ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്ററാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. എതിരാളികളില്‍ പോലും മതിപ്പുളവാക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌ത താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് താരം. ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ സൂര്യ ഇക്കാര്യം അടിവരയിടുകയായിരുന്നു.
33 പന്തില്‍ 50 റണ്‍സ് നേടിയ സൂര്യയെ ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ ഒരു റിട്ടേണ്‍ ക്യാച്ചിലൂടെ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണാണ് തിരിച്ച് കയറ്റിയത്. സൂര്യയുടെ ഈ അപ്രതീക്ഷിത പുറത്താവലില്‍ റിച്ചാര്‍ഡ്‌സണ് പോലും അമ്പരപ്പായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന് ശേഷം ഓസീസ് പേസര്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്‌തു.
"സൂര്യകുമാർ ഇന്ന് ലോകത്ത് കളിക്കുന്നതില്‍ ഏറ്റവും മികച്ച ബാറ്ററാണ്. ഞങ്ങൾക്കെതിരെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും അദ്ദേഹത്തിന് ബാറ്റില്‍ പന്ത് കൃത്യമായി കൊള്ളാതെ വിക്കറ്റായി മാറുന്നത്. ബാറ്റിന്‍റെ മധ്യഭാഗത്ത് പന്ത് കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം സ്കോർ ചെയ്തേനെ". കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ നിര്‍ണായക പ്രകടനം നടത്താന്‍ റിച്ചാര്‍ഡ്‌സണ് കഴിഞ്ഞിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. സൂര്യയെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍ എന്നിവരാണ് റിച്ചാര്‍ഡ്‌സണ് ഇരയായത്. ഇതോടെ ടി20 ലോകകപ്പിനുള്ള ഓസീസിന്‍റെ പ്ലേയിങ് ഇലവനിലേക്ക് അവകാശവാദം നടത്താനും റിച്ചാര്‍ഡ്‌സണായി.
also read: ദാദ വീണ്ടും തട്ടകത്തിലേക്ക്; ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഗാംഗുലി