സിഡ്‌നി:ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്‌പിൻ ജോഡിയായ രവീന്ദ്ര ജഡേജയ്‌ക്കും ആര്‍ അശ്വിനും മുന്നില്‍ പേരുകേട്ട ഓസീസിന്‍റെ ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടതാണ് സംഘത്തിന് തിരിച്ചടിയായത്. ബോർഡർ- ഗവാസ്‌കർ ട്രോഫിയിൽ രണ്ട് മത്സരങ്ങളിലായുള്ള ഓസീസിന്‍റെ 40 വിക്കറ്റുകളില്‍ 31എണ്ണവും അശ്വിനും ജഡേജയും ചേര്‍ന്നാണ് വീഴ്‌ത്തിയത്.
മറുവശത്ത് ഓസ്‌ട്രേലിയൻ സ്‌പിന്നർമാരായ നഥാൻ ലിയോൺ, ടോഡ് മർഫി, മാത്യൂ കുഹ്നെമാൻ എന്നിവർക്ക് ഇതേ സ്വാധീനം സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെ ഓസീസ് സ്‌പിന്നര്‍മാര്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ ഇയാൻ ചാപ്പൽ. അശ്വിനെയും ജഡേജയേയും അനുകരിക്കാന്‍ ശ്രമിക്കരുതെന്നാണ് ചാപ്പല്‍ ഓസീസ് താരങ്ങളോട് പറയുന്നത്. ഇരുവരുടെയും കഴിവ് പകര്‍ത്താന്‍ കഴിയില്ലെന്നും ചാപ്പല്‍ പറഞ്ഞു.
"അശ്വിനെക്കുറിച്ചും ജഡേജയെക്കുറിച്ചും സംസാരിക്കുമ്പോൾ... ഇന്ത്യയിൽ എന്തുചെയ്യണമെന്ന് അവർക്ക് കൃത്യമായി അറിയാം. അശ്വിൻ ഒരു മികച്ച ബോളറാണ്, മിന്നുന്ന പ്രകടനം നടത്താന്‍ എവിടെയെന്നത് താരത്തിന് പ്രശ്‌നമല്ല. അശ്വിന്‍ ഓസ്‌ട്രേലിയയിൽ പന്തെറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്.